സ്വന്തം ലേഖകന്‍: എന്റെ അമ്മ ലൈംഗിക തൊഴിലാളിയാണ്, പക്ഷേ ആ അമ്മയാണ് എന്റെ ലോകം,’ ഒരു പതിമൂന്നു വയസുകാരന്റെ ഉള്ളു പൊള്ളിക്കുന്ന ജീവിതക്കുറിപ്പ്. ഷാധിന് എന്ന പതിമൂന്ന് വയസ്സുകാരന് ലൈംഗിക തൊഴിലാളിയായ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ആകാശാണ് കണ്ണു നനയിക്കുന്ന ഷാധിന്റെ കഥ ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
ഒരു വേശ്യാലയത്തിലാണ് ഷാധിന് ജനിച്ചു വീണത്. അച്ഛന് ആരെന്ന് അറിയാതെ ലൈംഗിക തൊഴിലാളിയുടെ മകനായി ജനിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നുള്ള പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയാണ് അവന് വളര്‍ന്നതും ജീവിക്കുന്നതും. ‘അമ്മയെ സന്തോഷവതിയായി ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ എന്നെ നോക്കുമ്പോള്‍ അമ്മയുടെ ചുണ്ടില്‍ ചിരി വിടരും. അമ്മ ആണ്‍കുട്ടിയെ പ്രസവിച്ചത് വേശ്യാലയത്തിലുള്ളവര്ക്ക് ഇഷ്ടമായിരുന്നില്ല. എന്നാല്‍ അമ്മ അങ്ങനെ ആയിരുന്നില്ല,’ ഷാധിന് പറയുന്നു.
‘എനിക്ക് അമ്മയുടെ മടിയില്‍ കിടന്നുറങ്ങാന്‍ ഇഷ്ടമായിരുന്നെങ്കിലും അടുത്ത് ചെല്ലാന്‍ അനുവദിക്കാറില്ല. അമ്മ എന്നെ ഉമ്മ വയ്ക്കാറില്ല. ആ ദേഹത്ത് ഒന്നു തൊടാന്‍ പോലും അനുവദിക്കില്ലായിരുന്നു. ചില ദിവസങ്ങളില്‍ അമ്മ, കയ്യും കാലുമൊക്കെ ബ്ലേഡ് കൊണ്ട് മുറിച്ച് സ്വയം വേദനിപ്പിക്കുന്നത് കാണാം. ഞാന്‍ മുറിവിലെ ചോര തുടച്ചു കൊടുക്കും. എത്ര മുറിവേറ്റാലും അമ്മ കരയില്ല. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കും.’
‘അച്ഛന് എവിടെയാണെന്ന ചോദ്യത്തിന് ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് അമ്മ മറുപടി പറഞ്ഞത്. തന്തയില്ലാത്തവന് എന്ന പരിഹാസം പതിവായിരുന്നു. പുതിയ ജീവിതം കെട്ടിപ്പെടുക്കാനാണ് ചേരിയിലേക്ക് മാറിയത്. എന്നാല്‍ അമ്മയ്ക്ക് ആരും ജോലി കൊടുക്കാന്‍ തയ്യാറായില്ല. രാത്രിയില്‍ ചിലര്‍ കുടിലിന് കല്ലെറിയുമായിരുന്നു. അമ്മ ഈ ലോകത്ത് നിന്ന് വിടപറഞ്ഞ ദിവസം തികച്ചും ശാന്തയായിരുന്നു. അന്നാണ് അമ്മ എന്റെ കവിളില്‍ ഉമ്മ വച്ചത്,’
‘അവരെ അമ്മയായി സ്വീകരിച്ചതിനും ആരും കൊടുക്കാത്ത സ്നേഹം കൊടുത്തതിനും നന്ദി പറഞ്ഞു. അമ്മ എന്നെ തനിച്ചാക്കി പോയി. ഇനി എന്റെ അടുത്തേക്ക് അമ്മ വരില്ല. എന്നാല്‍ എനിക്ക് അമ്മയുടെ അടുത്തേക്ക് പോകാനാകും എന്നും പറഞ്ഞാണ് ഷാധിന് അവസാനിപ്പിക്കുന്നത്. ആകാശിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല