സഹസ്ര കോടികളുടെ നിധി ശേഖരമുണ്ടെന്ന് അനുമാനിയ്ക്കപ്പെടുന്ന തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറ വ്യാഴാഴ്ച വീണ്ടും തുറക്കും.സുപ്രീം കോടതി നിയോഗിച്ച ഉന്നത സമിതിയുടെ തീരുമാന പ്രകാരമാണ് എ നിലവറയിലെ കണക്കെടുപ്പ് ആരംഭിക്കുന്നത്. മുദ്രവച്ച നിലവറയുടെ വാതിലുകള്‍ രാവിലെ ഒന്‍പതിനു തുറക്കും. ഈട്ടിയില്‍ തീര്‍ത്ത രണ്ടു വാതിലുകളും അതിനുള്ളില്‍ ഇരുമ്പു വാതിലും തുറന്നു വേണം അകത്തു കയറാന്‍. ഉള്ളില്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ അതു ലഭ്യമാക്കാനും നടപടിയെടുക്കും.
ചാക്കുകളിലും ഇരുമ്പു പെട്ടികളിലുമായാണു സ്വര്‍ണവും കല്ലുകള്‍ പതിച്ച ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത്. സി, ഡി നിലവറകളിലെ കണക്കെടുപ്പു പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് എ നിലവറ തുറക്കാന്‍ തീരുമാനിച്ചത്. സഹസ്ര കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ശേഖരം ഈ നിലവറയില്‍ ഒരു വര്‍ഷം മുന്‍പത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കനത്ത സുരക്ഷയിലായിരിക്കും ഇതിന്റെ കണക്കെടുപ്പ്.ഓരോന്നിന്റെയും വിശദ കണക്കെടുപ്പു നടത്തുമെങ്കിലും മൂല്യനിര്‍ണയം നടത്തില്ല. എല്ലാം വിഡിയോയില്‍ ചിത്രീകരിച്ച് ഐഎസ്ആര്‍ഒ ഒരുക്കിയ സെര്‍വറില്‍ ശേഖരിക്കും.
ജര്‍മനിയില്‍ നിന്നു വാങ്ങിയ ആധുനിക ഉപകരണവും കണക്കെടുപ്പിന് ഉപയോഗിക്കും. വജ്രങ്ങളും രത്‌നങ്ങളും പരിശോധിക്കാനുള്ള ലാബ് അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി. ഒപ്പം, ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സമിതി നിലവറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തും.
കണക്കെടുപ്പു പൂര്‍ത്തിയാക്കുന്ന എല്ലാ വസ്തുക്കളും ശക്തമായ സുരക്ഷയുള്ള ഇരുമ്പു പെട്ടികളിലാകും സൂക്ഷിക്കുക. ൃകഴിഞ്ഞവര്‍ഷം ജൂണിലാണ് സുപ്രീംകോടതി നിര്‍ദേശാനുസരണം എ നിലവറ തുറന്ന് സ്വര്‍ണ, വജ്ര ശേഖരം കണ്ടെത്തിയത്. 27.5 കിലോഗ്രാമിന്റെ സ്വര്‍ണ ഉരുളി, പൂജക്കുള്ള 360 സ്വര്‍ണക്കുടങ്ങള്‍, ശരപ്പൊളി മാലകള്‍ തുടങ്ങിയവയാണ് ശേഖരത്തിലുള്ളത്. . 18 അടി നീളവും രണ്ടു കിലോഗ്രാമിലേറെ ഭാരവും ഒരു ശരപ്പൊളി മാലയ്ക്കുണ്ട്.
ഇതിനുപുറമെ അമൂല്യ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, പാദുകങ്ങള്‍, വജ്രശേഖരം, അങ്കികള്‍ എന്നിവയും അന്നത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കിലോക്കണക്കിനു ഭാരമുള്ള ഈ ശേഖരം ഇരുമ്പു പെട്ടികളിലും ചാക്കിലുമായാണുള്ളത്. എ നിലവറയുടെ കണക്കെടുപ്പു പൂര്‍ത്തിയായാല്‍ മാത്രമേ ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കുന്നതിനെ കുറിച്ചു സമിതി തീരുമാനിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല