വിമാനത്തിനുള്ളില്‍ വച്ച് കഴിച്ച ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച യുവാവിന്റെ മൃതദേഹത്തോടൊപ്പം അതറിയാതെ കാമുകി ഇരുന്നത് ഒമ്പത് മണിക്കൂര്‍! റോബര്‍ട്ട് റിപ്പിംഗ്ഗേള് എന്ന യുവാവാണ് ന്യൂസിലേന്ഡിലേക്കുള്ള ജെറ്റ്സ്റ്റാര്‍ വിമാനത്തിലിരുന്ന് മരിച്ചത്. ഭക്ഷണത്തിന് ശേഷം റോബര്‍ട്ട് തന്നോട് കുറെയധികം തമാശപറയുകയും ചിരിക്കുകയും ചെയ്തതായി കാമുകി വനേസ പ്രീച്ചകുല് അറിയിച്ചു.
പിന്നീട് ഇയാള്‍ ചുമയ്ക്കുകയും മറ്റും ചെയ്തപ്പോള്‍ വീണ്ടും തമാശ കാട്ടുകയാണെന്നാണ് താന്‍ വിചാരിച്ചതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ഏറെ നേരമായിട്ടും അനക്കമൊന്നും കാണാത്തതിനാല്‍ നോക്കിയപ്പോഴാണ് ചുണ്ടില്‍ നിറവ്യത്യാസവും മറ്റും ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഫൈ്ളറ്റിലെ ഡോക്ടറെ വിവിരം അറിയിക്കുകയും അവര്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാല്‍ മരണം സംഭവിച്ചിട്ട് തൊണ്ണൂറ് മിനിട്ടു കഴിഞ്ഞുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെയാണ് എല്ലാവരും ഞെട്ടിയത്.
പിന്നീട് വിമാന ജീവനക്കാര്‍ മൃതദേഹം മറ്റൊരു ഭാഗത്തേക്ക് മാറ്റിയെങ്കിലും വനേസ ഇയാള്‍ക്കൊപ്പം യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാക്കിയുള്ള പതിനൊന്ന് മണിക്കൂര്‍ കൂടി ഇയാള്‍ക്കടുത്ത് തന്നെ ഇരിക്കുകയായിരുന്നു. ന്യൂസിലാന്‍ഡുകാരനായ റോബര്‍ട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. ഇയാളുടെ മാതാപിതാക്കളെ കാണാനും അവരുടെ പിറന്നാള്‍ ആഘോഷിക്കാനുമാണ് ഇരുവരും ന്യൂസിലേന്ഡിലേക്ക് യാത്ര തിരിച്ചത്.
ഇയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡില്‍ സംസ്കരിച്ചു. ബീഫ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമായി വെളിപ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കാന്‍ ഏതാനും ദിവസം കൂടി കാത്തിരിക്കണം. ജെറ്റ്സ്റ്റാര്‍ വക്താവ് ആന്‍ഡ്ര്യൂ മക് ഗിന്നസ് റോബര്‍ട്ടിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല