1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2017

സ്വന്തം ലേഖകന്‍: ഇനി മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജമ്മുകശ്മീര്‍, മേഘാലയ, അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഉടന്‍ നടപ്പാക്കുക. ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്നും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) വിജ്ഞാപനത്തിലൂടെ അറിയിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ മരിച്ചയാളുടെ ആധാര്‍ നമ്പറോ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പറോ അറിയില്ലെങ്കില്‍, മരിച്ചയാള്‍ക്ക് തന്റെ അറിവില്‍ ആധാര്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന്‍ നല്‍കേണ്ടിവരും. അപേക്ഷകന്റെയും മരിച്ചയാളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയോ ആധാര്‍ നമ്പറും ശേഖരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ കൃത്രിമം കാണിച്ചാല്‍ 2016 ലെ ആധാര്‍ നിയമത്തിലെയും 1969 ലെ ജനനമരണ രജിസ്‌ട്രേഷന്‍ നിയമത്തിലെയും വകുപ്പനുസരിച്ച് കുറ്റകരമായി കണക്കാക്കും.

മരിച്ചയാളെ തിരിച്ചറിയാന്‍ ഒന്നിലധികം രേഖകള്‍ സമര്‍പ്പിക്കുന്നത് ഇതോടെ അവസാനിക്കുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ജനനമരണം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വകുപ്പുകളോട് ഇത് സംബന്ധിച്ച സമ്മതപത്രം സെപ്റ്റംബര്‍ ഒന്നിനകം നല്‍കണം. ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ സ്ഥാപിക്കുന്നതിന് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് ആധാര്‍ നിയമത്തിലെ 57 ആം വകുപ്പ് അനുവദിക്കുന്നുണ്ട്.

ജനനമരണം രജിസ്റ്റര്‍ ചെയ്യുന്നത് ജനനമരണ രജിസ്‌ട്രേഷന്‍ നിയമത്തിലെ വകുപ്പുകള്‍ക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകള്‍ രൂപം നല്‍കിയ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ്. അതിനിടെ, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍, 2017 ജനുവരി ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ വേണമെന്ന നിര്‍ദേശം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.