സ്വന്തം ലേഖകന്‍: കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി ഒടുവില്‍ പിടിയില്‍, പോലീസിനെ വട്ടം കറക്കിയത് മൂന്നു വര്‍ഷം.
കേരള പോലീസിനെ മൂക്കുകൊണ്ട് ക്ഷ വരപ്പിച്ച കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കേരള, തമിഴ് നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ് ചെയ്തത്.
പാലക്കാടിനടുത്ത് ഗോപാലപുരത്തായിരുന്നു ആട് ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ആന്റണി പിടിയിലാകുന്നത്. കൊല്ലത്ത് എഎസ്‌ഐയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി. എന്നാല്‍ ഒരു കൊലക്കേസ് മാത്രമല്ല, ആട് ആന്റണിയുടെ പേരിലുള്ളത്.
ആട് ആന്റണിയുടെ യഥാര്‍ത്ഥ പേര് ആന്റണി വര്‍ഗ്ഗീസ് എന്നാണ്. പക്ഷേ കൊടുംകുറ്റവാളിയായ ആന്റണി പിന്നീട് ആട് ആന്റണി എന്നാണ് അറിയപ്പെട്ടത്. കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നതോടെയാണ് ആട് ആന്റണി മാധ്യമങ്ങളില്‍ വാര്‍ത്തയായത്. പോലീസുകാരനെ കുത്തിക്കൊന്ന ആന്റണി അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
പോലീസ് ഡ്രൈവര്‍ ആയിരുന്ന എസ്എസ്‌ഐ മണിയന്‍ പിള്ളയെ ആണ് ആന്റണി കത്തികൊണ്ട് കുത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിയന്‍ പിള്ളയെ രക്ഷിയ്ക്കാനായില്ല. 2012 ജൂണ്‍ 25 നായിരുന്നു സംഭവം. ഒരു വണ്ടി നിറയെ മാരകായുധങ്ങളുമായ വന്ന ആട് ആന്റണിയെ കൊല്ലം പാരിപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് രണ്ട് പോലീസുകാരെ കുത്തി ആന്റണി രക്ഷപ്പെട്ടത്.
സ്ത്രീ വിഷയത്തിലും ആട് ആന്റണിയ്‌ക്കെതിരെ ഒരുപാട് കേസുകളുണ്ട്. കേരളത്തിലും പുറത്തുമായി ഇയാള്‍ക്ക് 17 ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രമല്ല, ആന്ധ്രയിലും ഒരു കൊലപാതകത്തില്‍ ആട് ആന്റണിയ്ക്ക് പങ്കുണ്ടെന്നാണ് സൂചന. മണിയന്‍ പിള്ളയെ വധിച്ച് മുങ്ങിയതിന് ഒരു മാസത്തിന് ശേഷമായിരുന്നു ആന്ധ്രയിലെ കൊലപാതകം.
ആട് ആന്റണിയെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് പോലീസ് പുതിയ തന്ത്രം പ്രയോഗിച്ച് നോക്കിയത്. ആട് ആന്റണിയെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പോലീസ് സമ്മാനമായി പ്രഖ്യാപിച്ചത്. കൊലപാതകം, മോഷണം, സ്ത്രീപീഡനം തുടങ്ങി ഇരുനൂറില്‍ പരം കേസുകളില്‍ പ്രതിയാണ് ആട് ആന്റണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല