സ്വന്തം ലേഖകൻ: ഇതാ മലയാളിയുടെ പ്രവാസ ജീവിതത്തിൻ്റെ ഇതിഹാസം! ആടുജീവിതത്തിന് വൻ വരവേൽപ്പ്; ഇന്നലെ റിലീസിന് ശേഷം ഗംഭീര അഭിപ്രായം കൂടി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിലേക്കും സിനിമ കാണാൻ വൻ തിരക്കാണ് എന്ന് ബുക് മൈ ഷോ പോലുള്ള ആപ്ലിക്കേഷനുകളിലെ റെഡ് സൈൻ കാണിക്കുന്നു. ബോക്സ് ഓഫീസിൽ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്.
മഞ്ഞുമ്മൽ ബോയ്സിന്റെയും (3.35) മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും (5.85 കോടി) റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം. പുതിയ റിപ്പോർട്ടുകളനുസരിച്ച് റിലീസ് ദിനത്തിൽ മലയാളത്തിൽ നിന്ന് മാത്രം ആകെ നേടിയത് ആറ് കോടിയില്‍ അധികം കളക്ഷനാണെന്നാണ്. ഇത് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവു വലിയ ഓപ്പണിംഗാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്ന് മാത്രം ഇന്ത്യയില്‍ 7.45 കോടി സ്വന്തമാക്കിയതായി സാക്നില്‍ക്ക് റിപ്പോർട്ട് ചെയ്യുന്നു.
തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി, മലയാളത്തിൽ നിന്ന് 6.5 കോടി എന്നിങ്ങനെയാണ് കണക്ക്. തിയറ്റർ ഓക്യുപെൻസിയിൽ മലയാളത്തില്‍ 57.79 ശതമാനവും കന്നഡയിൽ 4.14 ശതമാനവും തമിഴില്‍ 17.84 ശതമാനവും തെലുങ്കില്‍ 14.46 ശതമാനവും ഹിന്ദിയില്‍ 4.14 ശതമാനവും ആണ്.
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ആടുജീവിതത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനും ബക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് റസൂൽ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നടക്കം ലഭിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചത് ബ്ലെസിയാണ്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ഡെഡിക്കേഷന്‍റെ കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ അതിന്‍റെ വന്യത എത്രത്തോളം ആണെന്ന് ഇന്നലെ തിയറ്ററിലെത്തിയ ഓരുത്തരും അനുഭവിച്ച് അറിയുക ആയിരുന്നു.
അതേസമയം യുകെ ഉൾപ്പടെ യൂറോപ്പിലെ വിവിധ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആട് ജീവിതം തരംഗമാകുന്നു. ആദ്യദിനം ഒറ്റ ഷോയിലൂടെ ചിത്രം യൂറോപ്പിലെ 175 തിയറ്ററുകളിൽ നിന്നും വാരിയത് 1.3 കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യുകെ, ഓസ്ട്രിയ, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, ലിത്വാനിയ, മാൾട്ട, നോർവേ, പോളണ്ട്, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ തിയറ്ററുകളിലാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. വൈകാതെ ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലും പ്രദർശനം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ യൂറോപ്പിലെ വിതരണക്കാർ പറഞ്ഞു.
അതിനിടെ ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ റിലീസ് ആയാൽ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരണം ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പിൽ ഉണ്ട്. ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല