സ്വന്തം ലേഖകൻ: വിമാനത്തിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് മലയാളി ഡോക്ടറുടെ സമയോചിതമായ ഇടപെടൽ. കൊച്ചി രാജഗിരി ഹോസ്പ്പിറ്റലിലെ കരൾ രോഗ വിദഗ്ദനായ ഡോ സിറിയക് അബി ഫിലിപ്സാണ് ശ്വാസതടസ്സം നേരിട്ട സഹയാത്രികന്റെ രക്ഷകനായി മാറിയത്. ജനുവരി 14 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം.
സോഷ്യൽ മീഡിയയിൽ ‘ദി ലിവർ ഡോക്’ എന്നറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്‌സ്, വിമാനത്തിലെ തന്റെ ജീവൻ രക്ഷാ ദൗത്യത്തെ കുറിച്ചുള്ള അനുഭവം പങ്കിട്ടു. നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും വളരെ വലിയ പിന്തുണയാണ് ഡോ സിറിയക്കിന് ലഭിക്കുന്നത്.
“ശ്വാസം മുട്ടൽ അനുഭവിക്കുന്നതിടയിൽ ആ മനുഷ്യൻ തന്റെ വൃക്കകൾ മോശമാണെന്ന് എന്നോട് പറഞ്ഞു. ആഴ്ച്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുന്ന വ്യക്തിയാണ് താനെന്നും അയാൾ എന്നോട് പറഞ്ഞു. കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ അയാൾക്ക് രക്തസമ്മർദ്ദം വളരെ കൂടുതലാണെന്നും സ്ഥിരമായി ബി പി പ്രശ്നത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്നും എനിക്ക് മനസ്സിലായി. യാത്രക്കാരന്റെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ അപകടകരമാം വിധം 36 ശതമാനത്തിൽ താഴ്ന്നതായി അദ്ദേഹം കണ്ടെത്തി. സ്റ്റെതസ്കോപ്പ് ഉപയോഗിച്ചുള്ള കൂടുതൽ പരിശോധനയിൽ ഇടത് ശ്വാസകോശത്തിൽ പ്ലൂറൽ എഫ്യൂഷന്റെ സാന്നിധ്യം കണ്ടെത്തി, ഇത് ഗുരുതരമായ മെഡിക്കൽ അവസ്ഥയാണ്.
നിലവിൽ അദ്ദേഹത്തിന്റെ മരുന്ന് തീർന്ന അവസ്ഥയിലാണെന്ന് മനസ്സിലാക്കി കൈകളിലെ വെയ്ൻ വഴി മരുന്ന് കുത്തിവെയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിമാനം തുടർച്ചയായി അനങ്ങുന്ന അവസ്ഥ ആയിരുന്നതിനാൽ അതിന് സാധിക്കുമായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. അതിന് ശേഷം മറ്റ് മാർഗ്ഗങ്ങൾ ആലോചിച്ചു. തുടർന്നാണ് അയാളെ തിരിച്ച് കിടത്തി പിൻഭാഗത്തെ മസിലിൽ കുത്തിവെച്ചത്. ഇതോടെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം നിയന്ത്രണത്തിലായി എന്നും ബന്ധുക്കളെ വിവരങ്ങൾ അതിനകം തന്നെ അറിയിച്ചുവെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് വിമാനം മുംബൈയിൽ ഇറങ്ങിയപ്പോൾ തന്നെ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ഡയാലിസിസിന് വിധേയമാക്കി. നിലവിൽ രോഗി സുഖം പ്രാപിച്ച് വരികയാണ്.
പെട്ടെന്നുണ്ടായ ബുദ്ധിമുട്ട് മൂലം രോഗിക്ക് തളർച്ചയും ശ്വാസംമുട്ടലും ഉണ്ടായിരുന്നെങ്കിലും രക്തസമ്മർദ്ദം നിയന്ത്രണ വിധേയമായത് വലിയ ആശ്വാസമായി. തുടർന്ന് രോഗിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സമീപത്ത് കാത്തുനിന്ന ആംബുലൻസിലേക്ക് പെട്ടെന്ന് തന്നെ മാറ്റുകയായിരുന്നു. ഇതിനെല്ലാം തന്നെ മുൻകൈ എടുത്തത് ഡോക്ടർ സിറിയക് ആയിരുന്നു. യാത്രക്കാരന്റെ കുടുംബവും ആകാശാ എയറിന്റെ ആകാശ എയർ സഹസ്ഥാപകൻ ആദിത്യ ഘോഷും ഡോക്ടറുടെ സമയോചിതമായ ഇടപെടലിനെ പ്രകീർത്തിക്കുകും നന്ദി അറിയിക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിക്കുകയും ഓക്സിജൻ സിലിണ്ടറുകൾ ഉടനടി നൽകുന്നതിനും ഡോക്ടറുടെ ശ്രമങ്ങളിൽ സഹായിക്കുന്നതിനും നിർണായക പങ്ക് വഹിച്ച ആകാശ എയർ ക്രൂവിനും രോഗിയുടെ കുടുംബം നന്ദി അറിയിച്ചു. വേശെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സമചിത്തതയോടെ പെരുമാറിക്കൊണ്ട് രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രയത്നിച്ച ഡോക്ടറിന് പ്രത്യേക നന്ദിയും കുടുംബം തങ്ങളുടെ സന്ദേശത്തിലൂടെ അറിയിച്ചു.
“ഞങ്ങളുടെ QP 1519 വിമാനത്തിലെ സഹയാത്രികന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച നിങ്ങളുടെ പെട്ടെന്നുള്ള പ്രതികരണത്തിനും ഉടനടിയുണ്ടായ സഹായത്തിനും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഞങ്ങളുടെ ക്രൂ അംഗങ്ങളായ ധന്യ, സർഗാം, അർണവ്, ക്യാബിനിലെ കൃതിക, മുനിഷ് എന്നിവർക്കും & ഫ്ലൈറ്റ് ഡെക്കിൽ നിന്നുള്ള നേഹയ്ക്കും നിങ്ങളെ ടീമിന്റെ നിർണായക ഭാഗമാക്കാനുള്ള അവസരം ലഭിച്ചു. കരുതലിന്റെയും അനുകമ്പയുടെയും യഥാർത്ഥ മനോഭാവം ഉൾക്കൊള്ളിച്ചതിന് ഒരിക്കൽ കൂടി നന്ദി” ആകാശാ എയർ സഹസ്ഥാപകൻ ആദിത്യ ഘോഷ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല