സ്വന്തം ലേഖകന്‍: എസ്.എസ്.രാജമൗലിയുടെ മഹാഭാരതത്തില്‍ കൃഷ്ണനായി ആമിര്‍ ഖാന്‍ എത്തിയേക്കും, ആമിര്‍ താത്പര്യം പ്രകടിപ്പിച്ചതായി രാജമൗലി. ബാഹുബലി 2 വിനു ശേഷം പുരാണ കഥയായ മഹാഭാരതത്തെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രാജമൗലി. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, ആമിര്‍ ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
‘ബോളിവുഡ് ലൈഫി’നു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ ചിത്രത്തില്‍ പങ്കാളിയായേക്കുമെന്ന് രാജമൗലി സൂചന നല്‍കിയത്. നേരത്തെ കൃഷ്ണനായി അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍ പരസ്യമായി പറഞ്ഞിരുന്നു. ‘മഹാഭാരതം ചെയ്യുമെന്ന് ഞാന്‍ ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട്. പക്ഷേ ബാഹുബലിക്ക് ശേഷം ഉടനെ ഉണ്ടാവില്ല. മഹാഭാരതം പോലൊരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ അതിന് ഒരുപാട് സമയം വേണ്ടിവരും.
കുറച്ചുനാളുകള്‍ക്കു മുന്‍പ് ആമിറിനെ കണ്ടിരുന്നു. മഹാഭാരതത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ഈ സിനിമ ചെയ്യുന്നതിനോട് ആമിറിന് വലിയ താല്‍പര്യമുണ്ട്. എന്നാല്‍ ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ ഇപ്പോള്‍ ബാഹുബലിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മഹാഭാരതം എന്തായാലും ഇതിനുശേഷമേയുളളൂ,’ രാജമൗലി പറയുന്നു. 2018 അവസാനത്തോടെ മഹാഭാരതത്തിന്റെ ഷൂട്ടിങ് തുടങ്ങിയേക്കുമെന്നാണ് സൂചന. 400 കോടി രൂപ ബജറ്റില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല