സ്വന്തം ലേഖകന്‍: താനില്ലെങ്കിലും ഇന്ത്യ ഇന്‍ക്രെഡിബിള്‍ തന്നെ, പുറത്താക്കിയതിന് ചുട്ട മറുപടിയുമായി അമീര്‍ ഖാന്‍. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അമീര്‍ രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ തന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിന് എന്തും തീരുമാനിക്കാം എന്നും വ്യക്തമാക്കി.
രാജ്യത്തിനു വേണ്ടി താന്‍ കാഴ്ചവെച്ചത് നിസ്വാര്‍ത്ഥ സേവനമാണെന്നും ആമിര്‍ പ്രതികരിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് തുടരുന്ന ആളാണ് ആമിര്‍. ഇത്രയും വര്‍ഷം രാജ്യത്തിനു വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
സര്‍ക്കാരിന് ആവശ്യമുണ്ടെങ്കില്‍ തന്റെ സേവനം തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലും അതു നല്ല കാര്യമായിരിക്കാം. രാജ്യ നന്മയ്ക്കു വേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളുന്നത് ഏറ്റവും മികച്ച തീരുമാനമായിരിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ആമിര്‍ പറഞ്ഞു.
എന്നാല്‍ അമീറുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അടുത്ത ബ്രാന്‍ഡ് അംബാസിഡറാകുന്നത് പ്രശസ്ത താരം അമിതാഭ് ബച്ചനാണെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല