സ്വന്തം ലേഖകന്‍: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്? രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കുള്ള പ്രതികാരമാണ് പുറത്താക്കല്‍ എന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പരസ്യങ്ങളിലെല്ലാം ആമിര്‍ ഖാനായിരുന്നു നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ആമിറിനെ പുറത്താക്കിയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
ആമിര്‍ ഖാന്‍ രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ആമിര്‍ ഖാന്റെ സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
അതേസമയം, ആമിറിനെ സ്‌നാപ് ഡീലിന്റെ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആമിറിനെ എതിര്‍ക്കുന്നവര്‍ വ്യാപകമായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് സ്‌നാപ് ഡീലിന്റെ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ പദവിയില്‍ നിന്ന് പുറത്താക്കിയെന്നുള്ള ആരോപണങ്ങള്‍ വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല