സ്വന്തം ലേഖകന്‍: 1000 കോടിയുടെ മഹാഭാരതത്തില്‍ ആമിര്‍ ഖാന്‍ ശ്രീകൃഷ്ണന് തന്നെ; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍; ചിത്രം ഒരുങ്ങുന്നത് വെബ് സെരീസായി. ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ആമീര്‍ ഖാന്റെ സ്വപ്‌ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ്‌സീരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക.
കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന വെബ്‌സീരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറഞ്ഞു.
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം അനിശ്ചിതത്വത്തില്‍ ആയതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് ബോളിവുഡില്‍ നിന്നുള്ള മഹാഭാരത വാര്‍ത്ത. മോഹന്‍ലാലിനെ നായകനാക്കിയാണ് വി.എ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം പ്രഖ്യാപിച്ചത്. 1000 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കാന്‍ സന്നദ്ധനായി വ്യവസായിയായ ബി.ആര്‍ ഷെട്ടി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് സിനിമ തുടങ്ങാതിരുന്നതിനാല്‍ എം.ടി, സംവിധായകനില്‍ നിന്ന് തിരക്കഥ തിരികെ വാങ്ങാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല