ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ട ഒന്നാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയം. ആംആദ്മി പാര്‍ട്ടിയുടെ നിലപാടുകളോട് പലതരത്തിലുള്ള വിയോജിപ്പുകളുണ്ടെങ്കിലും ബിജെപി തറപറ്റിച്ചുകൊണ്ടുള്ള അവരുടെ വിജയം ഏറെ ആഹ്ലാദത്തോടെയാണ് മതേതര വിശ്വാസികളും ജനാധിപത്യവാദികളും സ്വീകരിച്ചത്. എന്നാല്‍ ജനാധിപത്യത്തിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും പുത്തന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി മുന്നോട്ട് വന്ന ആംആദ്മിയിലും പോര് മുറുകുന്ന വാര്‍ത്ത ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌റിവാളിനെതിനെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയരുന്നത്. ആരോപണം അത്ര നിസാരമല്ല എന്നതും ആരോപണം ഉന്നയിക്കുന്നവര്‍ പാര്‍ട്ടിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരാണ് എന്നതും ആശങ്കയുടെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ആംആദ്മിയിലെ ഏറ്റവും സമുന്നതരായ നേതാക്കന്മാരായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്രയാദവ് എന്നിവരാണ് കെജ്‌റിവാളിനെതിരെ രംഗത്തെത്തിയത്. കൂടാതെ മറ്റ് നേതാക്കന്മാര്‍ രംഗത്തെത്തിയെങ്കിലും ഇവരുടെ എതിര്‍പ്പാണ് ആശങ്കകളെ പെട്ടെന്ന് പുറത്തെത്തിച്ചത്. കെജ്‌രിവാളിനോട് വിയോജിച്ച് യോഗേന്ദ്രയാദവ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് പാര്‍ട്ടിയിലെ ഭിന്നിപ്പ് വ്യക്തമാക്കി നേതാക്കളുടെ കത്തുകളും ട്വിറ്ററുകളും പുറത്തുവന്നത്. ഇത് കേവലം അഭിപ്രായ പ്രകടനമല്ല ശക്തമായ വിയോജിപ്പ് തന്നെയാണ് അടുത്ത ദിവസങ്ങളില്‍തന്നെ വ്യക്തമായി. പാര്‍ട്ടിയുടെ ജീവനാഡിയെന്ന് കരുതപ്പെടുന്ന പ്രശാന്ത് ഭൂഷന്‍ തന്നെയാണ് അതിനുള്ള സൂചന തന്നത്.
കെജ്‌റിവാളിനോടൊപ്പം പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുന്നിട്ട് നിന്നവരാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും. കെജ്‌റിവാള്‍ ഏകാധിപതിയാണെന്ന ആരോപണമാണ് ഇരുവരും പ്രധാനമായും മുന്നോട്ട് വെയ്ക്കാന്‍ ശ്രമിച്ചത്.
പാര്‍ട്ടിയെ നയിക്കുന്നതില്‍ അരവിന്ദ് കെജ്‌രിവാള്‍ ഏകാധിപത്യം സ്വഭാവം കാണിക്കുന്നുവെന്നാണ് ഭിന്നശബ്ദങ്ങളുടെ നേതാക്കളായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ആരോപിക്കുന്നത്. കെജ്‌രിവാള്‍ അനുകൂലികളായ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ഇത് നിഷേധിക്കുന്നുവെങ്കിലും ഭിന്നിപ്പിന്റെ സ്വയം ഏറെ വലുതാണ്. പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും എഴുതിയ വിശദമായ കുറിപ്പുകളും അതിന് പാര്‍ട്ടി ഡല്‍ഹി ഘടകം സെക്രട്ടറി നല്‍കിയ മറുപടിയും ഭിന്നിപ്പിന്റെ കാരണങ്ങള്‍ ഒന്നൊന്നായി നിരത്തുന്നു. യോഗേന്ദ്ര യാദവിനെയും പ്രശാന്ത ഭൂഷണനെയും ശാന്തി ഭൂഷണെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള എഎപി ഡല്‍ഹി ഘടകം സെക്രട്ടറി ദിലീപ് പാണ്ഡെയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോഴാണ് ഭിന്നതയുടെ ആഴം കൃത്യമായി പുറംലോകം അറിഞ്ഞത്.
കെജ്‌രിവാളിന് പകരം യോഗേന്ദ്രയാദവിനെ പാര്‍ട്ടി തലപ്പത്ത് എത്തിക്കാനുള്ള ഗൂഡാലോചന ഇവര്‍ നടത്തുന്നുവെന്ന് ആരോപിച്ചുള്ളതാണ് ദിലീപ് പാണ്ഡെയുടെ കത്ത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനദീയ പ്രകടനത്തിന് കെജ്‌രിവാളിനെ കുറ്റപ്പെടുത്തിയുള്ളതായിരുന്നു യോഗേന്ദ്രയാദവിന്റെ വിമര്‍ശനം. ഇതിനുള്ള മറുപടിയായിട്ടാണ് കത്ത് എഴുതിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചരിത്രവിജയത്തിലേക്ക് നയിച്ച കെജ് രിവാളിന്റെ തീരുമാനങ്ങളില്‍ ഒരുഘട്ടത്തിലും യോഗേന്ദ്രയാദവേ പ്രശാന്ത് ഭൂഷണോ ഇടപെട്ടില്ലെന്നും പാണ്ഡെയുടെ കുറിപ്പിലുണ്ട്.
ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
അതോടെ പരസ്യവിമര്‍ശനങ്ങളുമായി പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രംഗത്തെത്തി. ഇരുവരുടെയും വിമതനീക്കങ്ങളൊക്കെ കെജ്‌റിവാളിനെ നീക്കാനുള്ള ശ്രമങ്ങളായിട്ടാണ് പാര്‍ട്ടി നേതൃത്വം കണ്ടത്. കെജ്‌റിവാളിനെ നീക്കി യോഗേന്ദ്ര യാദവിനെ പാര്‍ട്ടി കണ്‍വീനറാക്കാനാണ് ശ്രമമെന്നാണ് കെജ്‌റിവാള്‍ അനുകൂലികളുടെ വാദം. അതേസമയം കെജ്‌റിവാളിന്റെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. ബിജെപിക്കും കോണ്‍ഗ്രസിനും ഇല്ലെന്ന് പറയുന്ന ആഭ്യന്തര ജനാധിപത്യം ആംആദ്മിക്കും ഇല്ലെന്നാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പറയുന്നത്.
പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒറ്റ നേതാവിലേക്ക് ചുരുങ്ങുന്നുവെന്നതാണ് ഇവരുടെ വിമര്‍ശനങ്ങളില്‍ പ്രധാനം. പാര്‍ട്ടിയിലെ ഒരു ഘടകത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഡല്‍ഹി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും കെജ്‌രിവാള്‍ എന്ന ഒറ്റയാളിലേക്ക് ചുരുങ്ങി. തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന വളര്‍ന്റിയര്‍മാരെ അവഗണിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറ്റുപാര്‍ട്ടികളില്‍നിന്ന് ചേക്കേറിയവരെ സ്ഥാനാര്‍ഥികളാക്കി. പാര്‍ട്ടി ഘടകങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നില്ല.
ഇതൊക്കെയാണ് ആരോപണങ്ങള്‍. ഇതൊന്നും അത്ര ചെറിയ ആരോപണങ്ങളല്ല എന്നതാണ് പ്രധാനമായ ആശങ്ക. കൂടാതെ കെജ്‌റിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍ നല്‍കിയ അഭിമുഖം ഇന്ന് പുറത്തുവന്നു. അതോടെ കാര്യങ്ങള്‍ കൈവിട്ട് പോയ മട്ടാണ്.
എല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുന്നതും ഹൈക്കമാന്‍ഡ് സംസ്‌കാരത്തിലേക്ക് മാറുന്നതും പാര്‍ട്ടിയെ കൂടുതല്‍ അപകടത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുകയെന്ന അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു. ഞങ്ങള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാകാനാണ്. അവിടെ ഒരാളെ കേന്ദ്രീകരിച്ചുള്ള പ്രചാരണമോ പ്രവര്‍ത്തനങ്ങളോ അല്ല ഉദ്ദേശിച്ചത്. അരവിന്ദുമായി ഇക്കാര്യങ്ങളെല്ലാം ഞാന്‍ സംസാരിച്ചിരുന്നു. പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കുന്ന രീതികളെ കുറിച്ച് സംസാരിച്ചിരുന്നു. സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ ഒരു കൂട്ടായ്മയുടെ സ്വഭാവം തീരുമാനങ്ങളുടെ കാര്യത്തില്‍ ഉണ്ടാകണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്- പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
എഎപിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളെ കുറിച്ച് എനിക്ക് ഗൗരവമേറിയ വിയോജിപ്പുകളുണ്ട്. പാര്‍ട്ടിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്. അരവിന്ദിന് അദ്ദേഹത്തിന്റേതായ രീതികളുണ്ട്. തന്റെ തീരുമാനമായിരിക്കണം നടപ്പാകേണ്ടതെന്ന നിര്‍ബന്ധവുമുണ്ട്. ഇതെല്ലാം പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നും പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു. ഇതോടെ ഇരുവര്‍ക്കുമെതിരെ അരവിന്ദ് കെജ്‌റിവാളും രംഗത്തെത്തി.
ഇതാണ് പ്രശ്‌നങ്ങളെ രൂക്ഷമാക്കിയത്.
പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഡല്‍ഹി ജനതയോടുള്ള വഞ്ചനയാണെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും കെജ് രിവാള്‍ ട്വീറ്റ് ചെയ്തു. പാര്‍ട്ടിലെ ഭിന്നിപ്പ് രൂക്ഷമായതിന് ശേഷം ആദ്യമായാണ് കെജ് രിവാള്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.
പാര്‍ട്ടി നേതാവിനോടുള്ള ഭിന്നത പ്രശാന്ത് ഭൂഷന്‍ തുറന്ന് പറഞ്ഞതോടെ ഇരുവരെയും പുറത്താക്കാനാണ് കെജ്‌റിവാള്‍ ക്യാമ്പിന്റെ ശ്രമം. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനെയും പുറത്താക്കാനുള്ള തീരുമാനമാണ് കെജ് രിവാള്‍ വിഭാഗത്തിന് വ്യക്തമായ മേല്‍ക്കൈ ഉള്ള ദേശീയ എക്‌സിക്യൂട്ടീവ് കൈക്കൊള്ളുക. നാളെതന്നെ ഇതിനുള്ള ശ്രമം തുടങ്ങുമെന്നാണ് സൂചന. ഇതോടെ വലിയ പ്രതീക്ഷയായി വന്ന ആംആദ്മിയും മറ്റ് പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമല്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു.
അധികാര തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും അതിലേക്കാണ് സൂചനകള്‍ പോകുന്നത്. ബാക്കിയുള്ള ആരോപണങ്ങളെല്ലാം തന്നെ അതിലേക്കുള്ള ചൂണ്ടുപലകകള്‍ മാത്രമെന്നാണ് ദേശീയ രാഷ്ട്രീയം സൂക്ഷ്മമായി വിലയിരുത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും മറ്റും നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല