സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയിലെ അസ്വസ്ഥകള്‍ രൂക്ഷമാക്കി കൊണ്ട് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി.
ഇരു നേതാക്കളേയും പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന കെജ്രിവാള്‍ 67 എംഎല്‍എമാരെ അടര്‍ത്തി മാറ്റി താന്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമെന്നും തന്നെ എതിര്‍ക്കുന്നവരെ പുറത്താക്കുമെന്നും ശബ്ദരേഖയില്‍ പറയുന്നു. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വാരാണസിയിലെ ആം ആദ്മി പാര്‍ട്ടി നേതാവ് ഉമേഷ് സിംഗുമായി കെജ്രിവാള്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. എന്നാല്‍,? പുറത്തായ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെജ്രിവാളിന്റേതാണെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു.
കെജ്രിവാള്‍ ഒരിക്കലും ഇത്തരം രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കില്ലെന്നും ഫോണ്‍ സംഭാഷണം താന്‍ കേള്‍ക്കാത്തിടത്തോളം കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദ്ര കുമാര്‍ ജയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല