സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ കടിപിടി മുറുകുന്നു. പാര്‍ട്ടി ലോഗോ രൂപകല്‍പ്പന ചെയ്ത് സുനില്‍ ലാലും ആപ്പും തമ്മിലാണ് അവകാശ തര്‍ക്കം മുറുകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വെബ്സൈറ്റില്‍നിന്ന് 15 ദിവസത്തിനകം ലോഗോ പിന്‍വലിക്കണമെന്ന് സുനില്‍ ലാല്‍ അന്ത്യശാസനം നല്കി.
ആപ്പിന്റെ ലോഗോ രൂപകല്പന ചെയ്ത സുനില്‍ലാല്‍ ഇക്കാര്യം ഉന്നയിച്ച് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് കത്തയക്കുകയായിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് എ.എ.പി. നേതാവ് സഞ്ജയ് സിങ് ഉറപ്പുനല്‍കിയതായി ലാല്‍ പറഞ്ഞു. ഏപ്രില്‍ ഏഴിനാണ് ഇക്കാര്യമാവശ്യപ്പെട്ട് സുനില്‍ലാല്‍, ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്രിവാളിന് കത്തെഴുതിയത്.
എല്ലായിടത്തുനിന്നും താന്‍ രൂപകല്പനചെയ്ത ലോഗോ മാറ്റണമെന്നാണ് ലാല്‍ ആവശ്യപ്പെട്ടത്. ചിഹ്നത്തിന്റെ അവകാശവാദം ഉന്നയിച്ച് സുനില്‍ രംഗത്തെത്തിയതോടെ ചിലസ്ഥലങ്ങളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി ലോഗോ പിന്‍വലിച്ചിരുന്നു. എന്നാല്‍, അവരുടെ പ്രധാന വെബ്സൈറ്റില്‍ ഇപ്പോഴുമുള്ളത് സുനില്‍ രൂപകല്പന ചെയ്ത ലോഗോയാണ്.
എ.എ.പി. ഉപയോഗിക്കുന്ന ലോഗോ തന്റെ ബൗദ്ധിക സ്വത്താണെന്നും അത് ആര്‍ക്കും കൈമാറില്ലെന്നും സുനില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍, വെബ്സൈറ്റുകള്‍ എന്നിവയില്‍ തന്റെ ലോഗോ ഉപയോഗിക്കരുതെന്നും സുനില്‍ ലാല്‍ ആവശ്യപ്പെടുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല