സ്വന്തം ലേഖകന്‍: ബുധനാഴ്ച ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങ് മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ലെന്ന് ബന്ധുക്കള്‍. പരമ്പരാഗതമായി കിട്ടിയ സ്ഥലത്ത് കൃഷിചെയ്തിരുന്നു എങ്കിലും രാജസ്ഥാനി തലപ്പാവുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സാണ് ഗജേന്ദ്രസിങ്ങിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.
ജയ്പുരിസഫെ എന്ന പേരില്‍ വെബ്‌സൈറ്റുമുണ്ട് ഗജേന്ദ്രസിങ്ങിന്റെ ബിസിനസിന്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ഇയാള്‍ തലപ്പാവ് നിര്‍മ്മിച്ച് അണിയിച്ചു കൊടുത്തിട്ടുണ്ട്. ഗജേന്ദ്രസിങ്ങിന്റെ തലപ്പാവ് അണിഞ്ഞവരുടെ കൂട്ടത്തില്‍ ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, മുരളീമനോഹര്‍ ജോഷി, കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്രസിങ്, സമാജ് വാദി പാര്‍ട്ടിയുടെ അമര്‍സിങ് എന്നിവരുമുണ്ടെന്ന് ജയ്പുരിസഫെയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വെബ്‌സൈറ്റില്‍ ഗജേന്ദ്രസിങ് കല്യാണ്‍വത് എന്ന പേരില്‍ പൂര്‍ണമായ വിലാസവും ഫോണ്‍നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും വരെ നല്‍കിയിട്ടുണ്ട്. വിവാഹം, രാഷ്ട്രീയപ്പാര്‍ട്ടികളുടെ റാലികള്‍ എന്നിവയ്ക്കായി പ്രത്യേകതരം തലപ്പാവുണ്ടാക്കുന്നതില്‍ പ്രശസ്തനാണ് ഗജേന്ദ്രസിങ് എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
ഇതോടെ കടക്കെണിയിലായതിനാല്‍ ആത്മഹത്യ ചെയ്ത പാവപ്പെട്ട കര്‍ഷകനാണ് ഗജേന്ദ്രസിങ് എന്ന വാദം പൊളിയുകയാണ്. ഒപ്പം ഗജേന്ദ്രസിങ്ങിന്റേത് എന്നപേരില്‍ കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ അച്ഛന്റെ കൈയക്ഷരമല്ലെന്ന് വാദിച്ചുകൊണ്ട് മകളും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല