സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിയില്‍ ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ സംഘടന ‘സ്വരാജ് അഭിയാന്‍’ രൂപീകരിച്ചു.
കര്‍ഷകരുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി സ്വരാജ് അഭിയാന്‍ പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിക്കുമെന്ന് ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന വിമത നേതാക്കളുടെ യോഗത്തില്‍ പ്രമേയം പാസാക്കി.
വൈകുന്നേരം വരെ നീണ്ട യോഗത്തിനു ശേഷമാണ് ഭൂഷണും യാദവും പുതിയ സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആം ആദ്മി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇരുവരും പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍,? പുതിയ പാര്‍ട്ടി രൂപീകരണം ഉടനില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് ആറു മാസത്തിനു ശേഷം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് യാദവും ഭൂഷണും വ്യക്തമാക്കി. ഈ കാലയളവില്‍ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് സാന്നിധ്യമറിയിക്കാനാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.
അതേസമയം, ഇന്നു ചേരുന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യാദവിനെയും ഭൂഷനെയും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് സൂചന. പാര്‍ട്ടി വിലക്ക് ലംഘിച്ച് യോഗം നടത്തിയതിനും സംഘടന രൂപീകരിച്ചതിനും ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല