സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിത ട്രൈബ്യൂണലും പ്രതിരോധ മന്ത്രാലയവുമാണ് വിമാനത്താവള നിര്‍മാണത്തെ എതിര്‍ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി നല്‍കിയ 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടുന്നതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ രാജ്യസഭയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വി മൈത്രേയനു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇന്നും ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
ആറന്മുള വിമാനത്താവളം ഇക്കൊല്ലത്തെ സാമ്പത്തിക സര്‍വേയിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ ആറന്മുള വിമാനത്താവളം നിര്‍മാണം തുടങ്ങിയാല്‍ രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്നു നിര്‍മാണ കമ്പനിയായ കെജിഎസ് അറിയിച്ചിട്ടുണ്ട്. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി പരിസ്ഥിതി പഠനം നടത്താനും അനുമതി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല