1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2015

സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദസമിതിയാണ് കെജിഎസ് ഗ്രൂപ്പിന് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയത്.

ഭൂമി വിമാനത്താവളത്തിന് അനുകൂലമല്ലെന്നും പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തേണ്ടി വരുമെന്നുമുള്ള വാദങ്ങള്‍ സമിതി തള്ളി. നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയ എന്‍വിറോകെയര്‍ എന്ന ഏജന്‍സിക്കു മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) റദ്ദാക്കിയിരുന്നു.

തുടര്‍ന്നാണ് കെജിഎസ് ഗ്രൂപ്പ് പുതിയ അപേക്ഷയുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. രാജ്യത്ത് ഈ വര്‍ഷം നടപ്പാക്കുന്ന പതിനാല് വിമാനത്താവള പദ്ധതികളുടെ പട്ടികയില്‍ ആറന്മുളയെയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ വേണ്ട മുന്‍ഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പരിഗണിച്ചിരുന്നു.

രാജ്യത്തെ മുന്‍നിര പരിസ്ഥിതി ആഘാത പഠന കമ്പനി എസ് ജി എസ് ഇന്ത്യയാകും പദ്ധതിക്കുവേണ്ടി പുതുതായി പഠനം നടത്തുക. രണ്ട് ഘട്ടങ്ങളിലായി രണ്ടായിരം കോടി മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതിയാണ് ആറന്മുള. ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലെ അഞ്ഞൂറ് ഏക്കറിലാണ് പദ്ധതി നടപ്പാക്കുക.

ശബരിമലയുടെ വികസനത്തിനും മധ്യ തിരുവിതാംകൂര്‍ മേഖലയില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്കും ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിനോദ സഞ്ചാര വികസനത്തിനും പദ്ധതി ഗുണം ചെയ്യുമെന്നാണ് കെജിഎസിന്റെ അവകാശ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.