സ്വന്തം ലേഖകന്‍: ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികളായ രാജേഷ് തല്‍വാര്‍, ഭാര്യ നുപുര്‍ തല്‍വാര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കള്‍ കൂടിയായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ വിധി.
ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തെളിവുകളുടെ അഭാവത്തില്‍ ദമ്പതികളെ വെറുതെ വിടുന്നതായി വിധിച്ചത്. 2008ലാണ് 14 കാരിയായ ആരുഷിയെ സ്വന്തം മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാണാതായ വീട്ടിലെ വേലക്കാരന്‍ ഹേമരാജിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നീങ്ങിയതെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വീടിന്റെ ടെറസില്‍ നിന്ന് ഹേമരാജിന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി.
കേസില്‍ പോലീസിന്റെ അന്വേഷണത്തിനെതിരേ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടു. തല്‍വാര്‍ ദമ്പതികളാണ് സ്വന്തം മകളേയും വേലക്കാരനേയും കൊന്നതെന്ന് കണ്ടെത്തിയ സി.ബി.ഐ ഇരുവരേയും പ്രതികളാക്കി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയ്‌ക്കൊടുവില്‍ 2013 നവംബര്‍ 26നാണ് പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്നും സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. പിന്നീട് സി.ബി.ഐ കോടതി വിധിക്കെതിരെ ഇരുവരും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല