സ്വന്തം ലേഖകൻ: ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ വച്ച് സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നുവെന്നും അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷാരൂഖുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാരുഖ് ഖാന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം സീറോയായിരുന്നു. അതിന് മുമ്പിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റുകളാവാതിരുന്നതിനെ തുടര്‍ന്നാണ് എന്റര്‍ടെയിന്റ്‌മെന്റ് ഘടകങ്ങളെല്ലാം ചേര്‍ത്ത് ആനന്ദ്.എല്‍.റായി സീറോ അണിയിച്ചൊരുക്കിയത്. എന്നാല്‍ മുന്‍ചിത്രങ്ങളുടെ അനുഭവം തന്നെയായിരുന്നു ബോക്‌സ് ഓഫീസില്‍ സീറോയും നേരിട്ടത്.
സീറോ പരാജയപ്പെട്ടതോടെ ഷാരുഖ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി പുതിയ ചിത്രങ്ങളിലൊന്നിനും കൈകൊടുത്തിരുന്നില്ല. യാത്രകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കിംഗ് ഖാൻ.
അടുത്ത വര്‍ഷത്തോടെ മികച്ച സിനിമകളിലൂടെ തിരിച്ചു വരാം എന്ന പ്രതീക്ഷയിലാണ് ഷാരുഖ്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയോടൊത്തുള്ള പ്രൊജക്ട് മാത്രമാണ് അടുത്ത വര്‍ഷം ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നത്. അതോടൊപ്പം തന്നെ സ്ട്രീ, ഗോ ഗോ ഗോണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകര്‍ രാജ്-ഡി.കെ എന്നിവരുമായും ചിത്രവും നടന്നേക്കും.
ഈ രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു അടുത്ത വര്‍ഷം നടന്നേക്കുക എന്ന് കരുതിയിരുന്നിടത്താണ് മലയാളി സംവിധായകന്‍ ആഷിഖ് അബുവിന് ഷാരുഖ് കൈകൊടുത്തിരിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം അവസാനമാണ് നടക്കുക. ഷാരുഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല