സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ദുബായ് കീഴ്‌ക്കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ.
രണ്ടര മാസത്തോളം മുമ്പാണ് കേസില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു. രാമചന്ദ്രനൊപ്പം മകളേയും കേസില്‍ പ്രതിയാക്കി ജയിലിലടച്ചിട്ടുണ്ട്.
ജയിലില്‍ നിന്നും പുറത്ത് വിട്ടാല്‍ ബാധ്യതകള്‍ തീര്‍ക്കാമെന്ന് രാമചന്ദ്രന്‍ അപേക്ഷിച്ചെങ്കിലും കോടതി അത് നിരസിച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് രാമചന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും അത് എത്രത്തോളം ഫലിക്കുമെന്ന കാര്യം സംശയമാണ്.
അതേസമയം രാമചന്ദ്രന്‍ അറസ്റ്റിലായതോടെ ദുബായിലെ അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് വന്‍ പ്രതിസന്ധിയിലാണെന്നാണ് സൂചന. സ്ഥാപനത്തിന്റെ യുഎഇയിലെ ജ്വല്ലറികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതായും വാര്‍ത്തകളുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് അറ്റ്‌ലസ് മാനേജ്‌മെന്റ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലോടെ തകര്‍ച്ചയില്‍ നിന്നും തിരിച്ചുകയറാമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് കരുതുന്നു.
വണ്ടിച്ചെക്ക് കേസില്‍ അറ്റ്‌ലസ് രാമചന്ദ്രനേയും മകളേയും പല തവണ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം നിരസിക്കപ്പെടുകയായിരുന്നു. ലഭിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല