സ്വന്തം ലേഖകന്‍: ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ചു; ദത്തെടുത്ത ദമ്പതിമാരോടൊപ്പം നാലു വര്‍ഷം തലശേരിയില്‍; സ്വിസ് പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്റെ ആവേശഭരിതമായ ജീവിതം. 1970 മെയ്1ന് ഉടുപ്പിയിലെ ആശുപത്രിയിലായിരുന്നു നിക്ലോസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന സ്വിസ് പാര്‍ലമെന്റംഗത്തിന്റെ ജനനം. പിറന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അനസൂയ എന്ന അമ്മ തന്റെ മകനെ ഉപേക്ഷിക്കുന്നത്.
അധിക ദിവസമാകും മുമ്പെ സ്വിസ്സ് ദമ്പതിമാരായ ഫ്രിറ്റ്‌സും എലിസബത്തും വന്ന് നിക്ലോസിനെ ദത്തെടുക്കുകയായിരുന്നു. അവര്‍ അവനെയും കൊണ്ട് കേരളത്തിലേക്ക് പോയി. കേരളത്തിലെത്തുമ്പോള്‍ നിക്ലോസിന് വെറും പതിനഞ്ച് ദിവസം മാത്രമായിരുന്നു പ്രായം. നാലു വര്‍ഷം തലശ്ശേരിയില്‍ അച്ഛനും അമ്മയോടുമൊപ്പം നിക്ലോസ് താമസിച്ചു. നാലു വര്‍ഷത്തിനു ശേഷം അവര്‍ മൂവരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് നീങ്ങി. മാതാപിതാക്കള്‍ ധനികരല്ലാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി തോട്ടക്കരനായും ട്രക്ക് ഡ്രൈവറായും വരെ ജോലി ചെയ്തിട്ടുണ്ടെന്ന് നിക്ലോസ് പറയുന്നു.
‘തന്നെക്കാളും മെച്ചപ്പെട്ട രീതിയില്‍ മകനെ നോക്കാനും തൊഴില്‍ നല്‍കാനും കഴിയുന്നവര്‍ക്ക് മകനെ നല്‍കണമെന്നാണ് എന്നെ ഉടുപ്പി ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൈമാറിക്കൊണ്ട് അമ്മ അനസൂയ പറഞ്ഞത്,’ നിക്ലോസ് പറയുന്നു. അങ്ങനെയാണ് ഡോക്ടര്‍ നിക്ലോസിനെ സ്വിസ്സ് ദമ്പതിമാര്‍ക്ക് കൈമാറുന്നതും അത് ചരിത്രനിയോഗമാവുന്നതും. 24 രാജ്യങ്ങളില്‍ നിന്നായുള്ള 143 ഇന്ത്യന്‍ വംശജരായ പാര്‍ലമെന്റംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നിക്ലോസിന്റെ വെളിപ്പെടുത്തല്‍.
‘പിറന്ന വീണ കര്‍ണാടകയിലെ ആശുപത്രിയില്‍ നിന്ന് നേരെ കേരളത്തിലെ തലശ്ശേരിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അവിടെ അമ്മ എലിസബത്ത് ജര്‍മ്മന്‍ ഇംഗ്ലീഷ് അധ്യാപികയായാണ് നാലു വര്‍ഷം ജോലി ചെയ്തത്. അച്ഛന്‍ ഫ്രിറ്റ്‌സ് ടൂള്‍ മേക്കറായിരുന്നു.പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഞങ്ങള്‍ നീങ്ങി. 2002ല്‍ വിന്റര്‍തര്‍ സിറ്റിയില്‍ നഗരസഭ കൗണ്‍സിലറായിരുന്നു. 2017 നവംബറിലാണ് ഇവാഞ്ചലിക്കല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ പാര്‍ലമെന്റംഗമാവുന്നത്’.
‘താനാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ആദ്യ പാര്‍ലമെന്റംഗം. ഇന്ത്യന്‍ വംശജനായ മറ്റ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകരില്ലാത്തതിനാല്‍ അടുത്ത ഒരു പതിറ്റാണ്ട് കാലത്തേക്ക് അതങ്ങനെയായിരിക്കുമെന്നും’ നിക് കൂട്ടിച്ചേര്‍ത്തു. ഇത്ര മനോഹരമായ ഭാവി നല്‍കിയതിന് തന്റെ അമ്മ അനസൂയയോട് തനിക്ക് നന്ദിയുണ്ടെന്നും, അമ്മയുടെ ഓര്‍മ്മയില്‍ മകള്‍ക്ക് അനസൂയ എന്ന പേരാണ് നല്‍കിയതെന്നും നിക്ക് പറയുന്നു. അമ്മയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അത് നടന്നില്ലെന്നും നിക് പറയുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല