സ്വന്തം ലേഖകൻ: ലേബര്‍ ഭരണത്തിന് കീഴില്‍ രാജ്യത്തിലെ തെരുവുകളും വീടുകളും ചീഞ്ഞു നാറുന്ന അവസ്ഥ സംജാതമാകുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടില്‍, ചുരുങ്ങിയത് രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മാലിന്യം വീടുകളില്‍ നിന്നും നീക്കം ചെയ്യാമെന്ന് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഉറപ്പ് നല്കിയതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതില്‍ നിന്നും ലേബര്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ വീടുകളില്‍ നിന്നും മറ്റും അഴുകുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നത് കൗണ്‍സിലുകള്‍ക്ക് നിയമപരമായ ബാദ്ധ്യതയാക്കി മാറ്റുന്ന തരത്തിലുള്ള നിയമമായിരുന്നു മുന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ദുര്‍ഗന്ധവും അണുബാധയും ഒഴിവാക്കുന്നതിനായിരുന്നു ഇത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നിരുന്നില്ല. ഇപ്പോള്‍ ലേബര്‍ സര്‍ക്കാര്‍ ആ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. എത്രനാള്‍ കൂടുമ്പോള്‍ മാലിന്യം ശേഖരിക്കണം, എങ്ങനെയാണ് ശേഖരിക്കേണ്ടത് എന്നതൊക്കെ ഇനിയും തീരുമാനിക്കാന്‍ ബാക്കിയുണ്ട്.
മാലിന്യം ശേഖരിക്കുന്ന ഇടവേളകള്‍ക്ക് മാറ്റം വരികയാണെങ്കില്‍, അത് മറ്റ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തണം എന്ന് മാത്രമാണ് ഇപ്പോള്‍ ഉള്ള നിര്‍ദ്ദേശത്തില്‍ പറയുന്നത്. രണ്ടാഴ്ച കൂടുമ്പോഴുള്ള മാലിന്യ ശേഖരണത്തെ കുറിച്ച് അതില്‍ പരാമര്‍ശമേയില്ല. മൂന്നാഴ്ച കൂടുമ്പോഴോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലോ മാത്രം മാലിന്യം ശേഖരിക്കാനാണ് ലേബര്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ടോറികള്‍ ആരോപിച്ചിരുന്നു. കൗണ്‍സില്‍ ടാക്സ് ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഇതെന്നും ഓര്‍ക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല