
സ്വന്തം ലേഖകൻ: പ്രവാസി ക്ഷേമപദ്ധതികള്‍ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ടെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദര്‍. പദ്ധതിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളും തരണംചെയ്ത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമപദ്ധതികള്‍ ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികള്‍ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇഎം സുധീറിന് ഖത്തര്‍ സംസ്‌കൃതിയും ലോക കേരളസഭ അംഗങ്ങളും ചേര്‍ന്ന് ഐസിസി അശോകഹാളില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് പ്രവാസികള്‍ക്കായി ക്ഷേമ ബോര്‍ഡുള്ളത്. എട്ടര ലക്ഷത്തോളം പ്രവാസികള്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്. ക്ഷേമനിധിയില്‍ കുടിശ്ശിക വരുന്നവര്‍ക്ക് അത് അടച്ചുതീര്‍ക്കാന്‍ പ്രത്യേക കാലയളവില്‍ കാംപയിനുകള്‍ നടത്തും. പെന്‍ഷന്‍ 3000 മുതല്‍ 3500 വരെയായി ഉയര്‍ത്തിയിട്ടുണ്ട്. ചികില്‍സ, മക്കളുടെ വിദ്യാഭ്യാസ വായ്പ എന്നിവയ്ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നു.
കാര്‍ഷികരംഗം പോലും തകര്‍ന്നപ്പോള്‍ കേരളത്തിലെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തിയത് പ്രവാസികളായിരുന്നു. കേരളീയ സമൂഹത്തിന്റെയാകെ പുരോഗതിക്ക് പ്രവാസികള്‍ വലിയ സംഭാവനകള്‍ നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയുണ്ടായാല്‍ പ്രവാസി ക്ഷേമനിധി കൂടുതല്‍ മികച്ച രീതിയില്‍ നടപ്പാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി ക്ഷേമബോര്‍ഡിന് വരുമാനം കണ്ടെത്താന്‍ പ്രവാസി ലോട്ടറി പോലുള്ളവ പരിഗണനയിലെന്ന് ചെയര്‍മാന്‍ നേരത്തേ അറിയിച്ചിരുന്നു. നാല്‍പ്പതിനായിത്തോളം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിവരുന്നു. പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസി സംഘടനകളെ ഉള്‍പ്പെടുത്തി പ്രവാസ ലോകത്ത് വിപുലമായ പ്രചാരണം നടത്താന്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
പ്രവാസി പെന്‍ഷന്‍ വാങ്ങുന്നര്‍ എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനുള്ള അധികാരം പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് കൂടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ മാര്‍ച്ച് മാസത്തിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് നല്‍കേണ്ടതുണ്ട്.
കേരളത്തിലെ ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്നാണ് അറ്റസ്റ്റ് ചെയ്ത് വാങ്ങേണ്ടത്. പ്രവാസ ലോകത്ത് കഴിയുന്നവര്‍ എംബസികള്‍ വഴി സാക്ഷ്യപ്പെടുത്തുമ്പോള്‍ ഫീസും മറ്റു ചെലവുകളും നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സാക്ഷ്യപ്പെടുത്താനുള്ള അധികാരം പ്രവാസി ക്ഷേമബോര്‍ഡ് അംഗങ്ങള്‍ക്ക് കൂടി നല്‍കുന്നതിലൂടെ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല