സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. സൂക്ഷ്മപരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചു. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
അടുത്ത സിറ്റിംഗ് തീയതി ഉടന്‍ അറിയിക്കും. റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണനക്കു വരുമ്പോള്‍ റഹീമിന്റെ ജയില്‍മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഡിസംബര്‍ 30-ന് കോടതി കേസ് പരിഗണിച്ചിരുന്നു. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ജനുവരി 15-ലേക്ക് മാറ്റിവെച്ചത്.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ഇസ്‌കാനിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നതും വിചാരണക്കൊടുവില്‍ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും.
ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം(മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കിയിരുന്നു. പൊതു അവകാശ പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാലാണ് മോചന ഉത്തരവ് നീളുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല