സ്വന്തം ലേഖകൻ: യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഒന്‍പതു വയസുകാരന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന ഏബല്‍ ഞായറാഴ്ചയാണ് വിടവാങ്ങിയത്.
സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്യുകയാണ്. ദമ്പതിമാര്‍ക്ക് ഏബലിനെ കൂടാതെ ഗബ്രിയേല്‍, ഡാനിയേല്‍, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ട്.
നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് സൗത്താംപ്റ്റണ്‍ റെഡ്ബ്രിഡ്ജ് ഹില്ലിലെ ഹോളി ഫാമിലി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പൊതുദര്‍ശനവും നടക്കും. തുടര്‍ന്ന് ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ദേവാലയത്തിന്റെ വിലാസം
Holy Family Church, Redbridge Hill, Southampton, SO16 4PL
സെമിത്തേരിയുടെ വിലാസം
Hollybrook Cemetery, Tremona Road, Shirley, SO16 6HW
ന്യൂപോര്‍ട്ട് മലയാളിയും തൃശൂര്‍ മാള വടമ സ്വദേശിയുമായ ബൈജു കൊടിയന്റെ സംസ്‌കാരം നാളെ ശനിയാഴ്ച നടക്കും. ന്യൂപോര്‍ട്ടിലെ സെന്റ് ഡേവിഡ്‌സ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ബൈജു കൊടിയനെ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ ഈമാസം 11നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു. കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ സജീവവും ആയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ മൂലം ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികളെ തുടര്‍ന്ന് അദ്ദേഹം പൊതു മധ്യത്തില്‍ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട നിലയില്‍ ആയിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി എന്ന് പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല