അബര്‍ദീന്‍ കേരള കാത്തോലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ഫാമിലി പളളിയില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. ആഗസ്റ്റ് 31 നാണ് ഒന്‍പത് ദിവസം നീണ്ട തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. ഒന്‍പത് ദിവസത്തെ കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. റോജി നരിതൂക്കില്‍ സിഎസ്ടി നേതൃത്വം നല്കി. തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ച് അടിമവയ്പ്പും കഴന്നെടുപ്പും നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തിരുനാള്‍ ആഘോഷ കര്‍മ്മങ്ങള്‍ തുടങ്ങിയത്. ആഘോഷമായ പാട്ട് കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളളി സീറോ മലബാര്‍ ചാപ്ലിന് ആര്‍ച്ച് ഡയോസിസ് എഡിന്‍ബറോ)യുടെ നേതൃത്വത്തില്‍ നടന്നു. ഫാ. ജോസഫ് വേമ്പാടുംതറ (ഡയോസിസ് മദര്‍വെല്‍) വചന സന്ദേശം നല്കി. കുര്‍ബാനയ്ക്കും ലദീഞ്ഞിനും ശേഷം മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോട് കൂടി നടന്ന പ്രദക്ഷിണത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വെകുന്നേരം വിവിധ കലാപരിപാടികള്‍ അരങ്ങേറി. നേര്‍ച്ച വസ്തുക്കളുടെ ലേലവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. രാത്രി പത്ത് മണിയോടെ തിരുനാളിന് കൊടിയിറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല