സ്വന്തം ലേഖകൻ: യുകെ മലയാളികളെ തേടി രണ്ടു ദിവസത്തിനുള്ളില്‍ നാലാമത്തെ മരണവാര്‍ത്ത. നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയ അബര്‍ഡീനിലെ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ചത്. 62കാരനായ റോയ് ജോര്‍ജിനെ (കോശി വി ജോര്‍ജ്ജ്) യാണ് ആകസ്മിക മരണം തേടി എത്തിയത്.
സ്‌കോട്ട് ലന്‍ഡ് അബര്‍ഡീനിലെ ആദ്യകാല മലയാളികളില്‍ ഒരാളാണ് തിങ്കളാഴ്ച പുലര്‍ച്ചെ അന്തരിച്ച റോയി ജോര്‍ജ്. കേരളത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയാണ് നിനച്ചിരിക്കാതെ റോയിയെ തേടി മരണത്തിന്റെ വിളിയെത്തിയത്. ഒന്നര ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആണ് റോയിയും കുടുംബവും സൗദിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയത്.
പത്തനംതിട്ട കുമ്പഴ വില്ലകത്ത് തെക്കേതില്‍ കുടുംബാംഗമാണ്. ഭാര്യ സോഫി, രേഷ്മ, നയന, ജോയല്‍ എന്നിവരാണ് മക്കള്‍. ശവസംസ്‌കാര ശുശ്രുൂഷ വ്യാഴാഴ്ച രാവിലെ 10:30 വീട്ടില്‍ ആരംഭിച്ച് പത്തനംതിട്ട കുമ്പഴ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കരിക്കും.
ഞായറാഴ്ച വൈകിട്ട് ബ്ലാക്പൂളില്‍ മെറീനയും തൊട്ടു പിന്നാലെ ഹേവാര്‍ഡ് ഹീത്തിലെ മഞ്ജു ഗോപാലകൃഷ്ണനും ഹള്ളിലെ ഡോ. റിതേഷുമാണ് വിടപറഞ്ഞത്. മഞ്ജുവും ഡോ. റിതേഷും കാന്‍സര്‍ രോഗ ചികിത്സയില്‍ ആയിരുന്നു.
എന്നാല്‍ മെറീനയുടെയും റോയി ജോര്‍ജിന്റെയും മരണങ്ങള്‍ ഏറെ ആകസ്മികവും ആയിരുന്നു. മെറീനയുടെ മക്കളും ബന്ധുക്കളും ഒക്കെ കേരളത്തില്‍ ആയതിനാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് തീരുമാനം. മഞ്ജുവിന്റെയും ഡോ. റിതേഷിന്റെയും സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ കുടുംബം വൈകാതെ അറിയിക്കുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല