സ്വന്തം ലേഖകന്‍: പായ്‌വഞ്ചി യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷപ്പെടുത്താനായേക്കുമെന്ന് നാവിക സേന; രക്ഷാപ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയന്‍ സഹായവും. പായ് വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി.
ഇന്ത്യന്‍ നാവികസേനയുടെ പി81 വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. മരുന്നും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാനാണ് ശ്രമം. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പായ് വ!ഞ്ചിക്കടുത്തേക്ക് ഇതുവരെയും ആര്‍ക്കും എത്താനായിട്ടില്ല.
താന്‍ സുരക്ഷിതനാണെന്നും ബോട്ടിന്റെ ഉള്ളില്‍ കിടക്കുയാണെന്നുമാണ് അഭിലാഷില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശം. ശക്തമായ കാറ്റില്‍ വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അഭിലാഷ്.
എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും കഴിയില്ലെന്നും സ്‌ട്രെച്ചര്‍ വേണമെന്നും അഭിലാഷിന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്. എങ്കിലും ബോട്ടിനുള്ളില്‍ സുരക്ഷിതനാണ്. പ്രധാന സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. വൈബി 3 പോര്‍ട്ടബിള്‍ മെസേജിങ് യൂണിറ്റ് വഴിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്.
അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള സാറ്റലൈറ്റ് ഫോണും വി.എച്ച്.എഫ് റേഡിയോയുമടക്കമുള്ള ഉപകരണങ്ങള്‍ എമര്‍ജന്‍സി ബാഗിലുണ്ട്. എന്നാല്‍ അതിനടുത്തേക്ക് അഭിലാഷിന് നീങ്ങാനാകുന്നില്ലെന്നാണ് വിവരം.
എങ്ങനെയെങ്കിലും ഈ ബാഗ് എടുക്കാന്‍ ശ്രമിക്കണമെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് അധികൃതര്‍ അഭിലാഷിനെ അറിയിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും ഓസ്‌ട്രേലിയയും അയച്ച രക്ഷാ വിമാനങ്ങള്‍ എത്തുമ്പോള്‍ വാര്‍ത്താവിനിമയം സാധ്യമാകു എന്നതാണ് അതിന് കാരണം.
അഭിലാഷ് ടോമിയെ ഇന്ന് രക്ഷിക്കാനാവുമെന്ന് നാവികസേന അറിയിച്ചു. ഫ്രഞ്ച് കപ്പലായ ‘ഒസിരിസ്’ 16 മണിക്കൂറിനുള്ളില്‍ അഭിലാഷിനെ രക്ഷിക്കുമെന്ന് ഇന്ത്യന്‍ നാവികസേന ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയയും ഫ്രാന്‍സും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. 12 അടിയോളം ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല