സ്വന്തം ലേഖകന്‍: എഫ് 16ന്റെ ചിറകരിഞ്ഞ ആ 16 മിനിട്ടുകള്‍! ആകാശത്ത് മിഗ് വിമാനവുമായി അഭിനന്ദന് നടത്തിയ ഡോഗ് ഫൈറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത്. പാക് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി കുതിക്കുന്നതു മുതല്‍ അഭിനന്ദന് പറത്തിയിരുന്ന മിഗ് 21 വിമാനം വെടിവെച്ചു വീഴുന്നതു വരെ 16 മിനിട്ട് മാത്രമാണ് ഡോഗ് ഫൈറ്റ് നീണ്ടുനിന്നത്. രാവിലെ 9.52നാണ് പാക് വിമാനങ്ങള്‍ അവരുടെ സൈനികകേന്ദ്രങ്ങളില്‍ നിന്നും പറന്നുയര്‍ന്നത്.
24 പാക് വിമാനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമാക്കി വന്നത്. ഇതില്‍ 16 എണ്ണം എഫ്16 വിമാനങ്ങളായിരുന്നു. ഇന്ത്യയുടെ മിഗ്21, സു30, മിറാഷ് 2000 യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ഇന്ത്യ പ്രതിരോധം തീര്‍ത്തത്.
അതിക്രമിച്ചു കടന്ന പാക് വിമാനത്തെ തുരത്തിയതിനു ശേഷം തിരിച്ചുപറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 വെടിയേറ്റു വീണത്.
ഇന്ത്യയുടെ കൈയിലുള്ള ഏറ്റവും പഴയ പോര്‍വിമാനങ്ങളിലൊന്നാണ് മിഗ് 21. അമേരിക്ക നിര്‍മിച്ചു പാക്കിസ്ഥാനു നല്കിയ അത്യാധുനിക പോര്‍വിമാനമാണ് എഫ് 16. ഇതിനാല്‍തന്നെ മിഗ് 21 ഉപയോഗിച്ച് എഫ് 16 തകര്‍ത്തത് ഇന്ത്യക്കും അഭിനന്ദനും അഭിമാനിക്കാന്‍ ഏറെ വകനല്കുന്ന ഒന്നായി. ഡോഗ് ഫൈറ്റിന്റെ ഘട്ടംഘട്ടമായുള്ള വിശദാംശങ്ങള്‍ വായിക്കാം.
9:52: ഇന്ത്യന്‍ വ്യോമസേനയുടെ നേത്ര സര്‍വെയിലന്‍സ് ഡ്രോണും നോര്‍ത്തേണ്‍ എയര്‍ കമാന്‍ഡും പാക് പോര്‍വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നത് രാവിലെ 9.52നാണ്. മൂന്നു പാക് എയര്‍ബേസില്‍ നിന്നു മൂന്നു ഫോര്‍മേഷനില്‍ പറന്നുയര്‍ന്ന 3 എഫ് 16 വിമാനങ്ങളും പാക് അധീന കാഷ്മീരിലെത്തിയ ശേഷം ഒറ്റ ഫോര്‍മേഷനായി മാറി.
9:54: രണ്ടു മിനിട്ടിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേന അലേര്‍ട്ടായി. മിഗ് 21, സുഖോയ് സു30 എംകെഐ, മിറാഷ് 2000 എന്നിവ പാക് വിമാനങ്ങളെ പ്രതിരോധിക്കാനായി പറന്നുയര്‍ന്നു.
9:58: പാക് യുദ്ധവിമാനങ്ങളോടു പിന്‍വാങ്ങാന്‍ ഇന്ത്യ ആദ്യ സന്ദേശമയയ്ക്കുന്നു.
9:59: സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം പിന്‍വാങ്ങാനുളള രണ്ടാമത്തെ മുന്നറിയിപ്പ് ഇന്ത്യ നല്കുന്നു.
10:00: പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നു.
10:01: ഇന്ത്യന്‍ വ്യോമസേന എഫ്16നെ തുരത്താന്‍ ഇന്ത്യന്‍ വ്യോമസേന ശ്രമം തുടരുന്നു. സര്‍ഫസ് ടു എയര്‍ മിസൈലുകളും ഇന്ത്യ പ്രയോഗിക്കുന്നു. ഇന്ത്യ പ്രതിരോധം ശക്തമാക്കിയതോടെ ഒമ്പത് എഫ് 16 വിമാനങ്ങള്‍ തിരിച്ചു പറക്കുന്നു. ഒരു കിലോമീറ്ററാണ് ഇവ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്നത്.
10:02: ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്ന് മുന്നോട്ടു വന്ന ഒരു എഫ്16 വിമാനം ഇന്ത്യന്‍ സൈന്യമേഖലയിലുള്ള ഇന്ധന ഡിപ്പോയും ആയുധ ശേഖരവും ലക്ഷ്യം വെച്ച് ആക്രമിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രിഗേഡര്‍ തലസ്ഥാനവും ആക്രമിക്കാന്‍ ശ്രമിക്കുന്നു.
10:03: ഡിഫന്‍സിവ് സ്പ്ളിറ്റ് എന്നറിയപ്പെടുന്ന ഡോഗ് ഫൈറ്റിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു30 വിമാനവും മിഗ്21 വിമാനവും ചേര്‍ന്ന് ഈ എഫ്16നെ തിരിച്ച് ആക്രമിക്കുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങളും ചേര്‍ന്ന് ഈ പാക് വിമാനത്തെ വളയുന്നു. മിഗ് 21 മുന്നില്‍ നിന്നും സു30 പിന്നില്‍ നിന്നും ആക്രമിക്കുന്നു. വിങ്ഓവര് എന്ന ഡോഗ്ഫൈറ്റിലൂടെ രക്ഷപെടാന്‍ പാക് വിമാനം ശ്രമിക്കുന്നു.
10:04: ഇതോടെ സു30 പിന്തിരിയുന്നു. ഇന്ധന ശേഖരത്തിനു മുകളില്‍ സംരക്ഷണം ഒരുക്കി സു30 നിലകൊളളുന്നു. തന്റെ മിഗ് 21ല്‍ എഫ് 16നെ പിന്തുടര്‍ന്ന അഭിനന്ദന് വര്ത്തമാന് ആര്73 എന്ന എയര്‍ടുഎയര്‍ മിസൈലുപയോഗിക്കുന്നു.
10:08: ആര്73 മിസൈല്‍ എഫ് 16നെ നശിപ്പിക്കുന്നു. വളരെ അപകടം നിറഞ്ഞ ഹൈജി ബാരല്‍ റോള്‍ എന്ന യുദ്ധാഭ്യാസം അഭിനന്ദന് നടത്തുന്നു. ഈ സമയം മിഗ് 21 പാക്കിസ്ഥാന് മിസൈലുപയോഗിച്ച് തകര്‍ക്കുന്നു.
സര്‍ഫസ് ടു എയര്‍ മിസൈലാണോ അതോ എയര്‍ ടു എയര്‍ മിസൈലാണോ അഭിനന്ദന്റെ മിഗ് 21 തകര്‍ത്തതെന്ന് ഇപ്പോഴും വെളിവായിട്ടില്ല. വിമാനം തകര്‍ന്ന ഉടനെ പാരച്യൂട്ടില്‍ ചാടി അഭിനന്ദന് രക്ഷപെടുന്നു.
വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ രക്ഷപെട്ട അഭിനന്ദന് പാക് അധീന കാഷ്മീരിലാണ് വന്നു വീണത്. ആദ്യം പ്രദേശവാസികളുടെ കൈയില്‍പ്പെട്ട അഭിനന്ദനെ അവര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. പിന്നീട് പാക് സൈന്യം കസ്റ്റഡിയിലെടുത്തു. എന്നാല്‍ പാക് സൈന്യവും അഭിനന്ദനെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല