സ്വന്തം ലേഖകന്‍: അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ല! ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ജീവനോടെ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കുര്‍ദ്ദിഷ് സൈനിക ഉദ്യോഗസ്ഥന്‍. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ തളളി കുര്‍ദ്ദിഷ് ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയത്. സിറിയയിലെ റാഖയില്‍ ബാഗ്ദാദി ഒളിച്ചിരിപ്പുണ്ടെന്ന് 99 ശതമാനം ഉറപ്പാണെന്നും ഉദ്യോഗസ്ഥന്‍ റാഹുല്‍ തലബാനി റോയിറ്റേഴ്‌സിനോട് വ്യക്തമാക്കി.
‘ബാഗ്!ദാദി തീര്‍ച്ചയായും ജീവിച്ചിരിപ്പുണ്ട്. അയാള്‍ മരിച്ചിട്ടില്ലെന്ന് തങ്ങള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് 99 ശതമാനവും ഞങ്ങള്‍ വിശ്വസിക്കുന്നു,’ തലബാനി വ്യക്തമാക്കി. ‘ബാഗ്!ദാദിക്ക് അല്‍ ഖ്വയ്ദയുമായുളള ബന്ധം മറക്കരുത്. അയാള്‍ അതിലേക്കാണ് മടങ്ങുന്നത്. സുരക്ഷാ സേനയില്‍ നിന്നും മറഞ്ഞിരിക്കുന്ന ബാഗ്ദാദിക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയാമെന്നും തലബാനി പറയുന്നു.
മൂന്ന് വര്‍ഷത്തെ ഐഎസിന്റെ ആധിപത്യ തകര്‍ത്താണ് ഇറാഖ് സുരക്ഷാ സേന മൊസൂള്‍ നഗരം പിടിച്ചെടുത്തത്. ഐഎസ് സ്വയം പ്രഖ്യാപിത ഖലീഫ ഭരണം സ്ഥാപിച്ച റാഖയിലും സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എന്നാല്‍ തന്ത്രങ്ങള്‍ മാറി മാറി പ്രയോഗിക്കുന്ന ഭീകര സംഘടനയെ ഇല്ലാതാക്കാന്‍ മൂന്നോ നാലോ വര്‍ഷം വേണ്ടി വരുമെന്നും തലബാനി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല