സ്വന്തം ലേഖകൻ: ഗർഭഛിദ്രം നിരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ബൈഡൻ. നവംബറിൽ ട്രംപ് വിജയിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രഖ്യാപനം നടത്തിയത്. ഗർഭഛിദ്രം സംബന്ധിച്ച് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വിഷയത്തിൽ ട്രംപിനെ നേരിടാൻ ബൈഡന്റെ പ്രചാരണ സംഘം തയാറായി.
അതിനിടെ എന്റെ ശരീരം എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചു.
പാർലെമെന്റിന്റെ ഇരുസഭകളും സംയുക്‌ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ ഭൂരിപക്ഷ അംഗങ്ങളും വോട്ട് ചെയ്‌തതോടെ ലോകത്ത് പിറന്നത് പുതു ചരിത്രമാണ്. വൻ കരഘോഷത്തോടെയാണ് അംഗങ്ങൾ പ്രഖ്യാപനം സ്വീകരിച്ചത്.
ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ൽ പാസാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയിൽ ഇല്ലായിരുന്നു. 2022ൽ മാത്രം 2,34,000 ഗർഭഛിദ്രങ്ങൾ ഫ്രാൻസിൽ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗർഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിന് ഫ്രാൻസിലെ ജനങ്ങളിൽ 89 ശതമാനം പേരും പിന്തുണക്കുന്നതായാണ് അഭിപ്രായ സർവേകളിൽ നിന്ന് വ്യക്‌തമായിട്ടുള്ളത്.
ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25ആംമത്തേയും 2008ന് ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്. ഫ്രാൻസിന്റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവ്വദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ‘നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്. അതിൽ മറ്റൊരാൾക്ക് തീരുമാനം എടുക്കാനാവില്ല. എല്ലാ സ്‌ത്രീകൾക്കുമുള്ള ഞങ്ങളുടെ സന്ദേശമാണിത്’- മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല