ജനിക്കുവാന്‍ പോകുന്നത് പെണ്‍കുട്ടി ആയതിനാല്‍ ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട സ്ത്രീയോട് യാതൊരു എതിര്‍പ്പും കൂടാതെ സമ്മതം നല്കിയ ഇന്ത്യന്‍ വംശജനായ ഡോക്റ്ററും ക്യാമറയില്‍ കുടുങ്ങി. ക്ലിനിക്കിലെ ജോലിക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരിലും പിടിയിലായിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ ഡോക്റ്റര്‍ ആണ് ലിംഗ വിവേചനത്തിന്റെ പേരില്‍ ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ സമ്മതം മൂളിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മാഞ്ചസ്റ്ററില്‍ മറ്റൊരു ഇന്ത്യന്‍ വംശജയായ ഡോക്റ്ററും പിടിയിലായിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന് പ്രധാനിയായ സിന്തിയ ബോവര്‍ ജോലി രാജി വച്ചു.
ഗര്‍ഭച്ഛിദ്രം ശിശുഹത്യയാണ് എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഇന്ത്യന്‍ വംശജനായ ഡോക്റ്റര്‍ ഡോ:രാജ് മോഹന്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോയത്. ഹെല്‍ത്ത് സെക്രെട്ടറി ആന്‍ഡ്രൂ ലാന്‍സ്ലി നിയമവിരുദ്ധമായ ഇത്തരം പ്രവണതകള്‍ തടയുന്നതിന് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. രഹസ്യമായ അന്വേഷണങ്ങളിലൂടെ ഇത് പോലെയുള്ള ഡോക്റ്റര്‍മാരെ കണ്ടെത്തി ശിക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗം അടിസ്ഥാനപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തുന്നത് നിയമവിരുദ്ധമായ പ്രവണതയാണ്. ഈ പ്രവണത സാംസ്കാരികവും സാമൂഹികമായും ഇന്ന് കണ്ടു വരുന്നുണ്ട്. 1967 ലെ നിയമപ്രകാരം ഇത് നടത്തുന്ന ഡോക്റ്റര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും.
ഡോക്റ്റര്‍മാര്‍ അല്ല പാര്‍ലമെന്റ് ആണ് ഇവിടുത്തെ നിയമങ്ങള്‍ നടത്തുന്നത്. അതിനാല്‍ തന്നെ നിയമങ്ങളെ മറികടക്കാന്‍ ഒരു ഡോക്റ്റര്‍ക്കും അവകാശവുമില്ല. ഇതിനെതിരെയായി അഭിപ്രായമുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തുകയല്ല മറിച്ച് ഈ നിയമം മാറ്റുവാനായി കേസ് കൊടുത്തു നോക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ലാന്‍സ്ലി തുറന്നടിച്ചു. ഒളിക്യാമറയില്‍ പിടിച്ചതിനാല്‍ ഈ തെളിവ് അടിസ്ഥാനപ്പെടുത്തി ഡോക്റ്റര്‍മാരെ ശിക്ഷിക്കാന്‍ സാധിക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ജനിക്കുന്ന കുട്ടി പെണ്‍കുട്ടി ആയതിനാല്‍ വേണ്ട എന്ന് പറഞ്ഞു ഡോക്ടറെ സമീപിച്ച യുവതിയോട് അത് മതിയായ കാരണമാകില്ല എന്നും ഇത് ഒരു ശിശുഹത്യക്ക് തുല്യമാണെന്നും ഡോക്റ്റര്‍ രാജ് പറഞ്ഞു.
ശേഷം കുട്ടിയുണ്ടാകുവാനുള്ള പ്രായം ആയില്ല എന്ന കാരണം പൂരിപ്പിച്ചു ഗര്‍ഭച്ഛിദ്രത്തിനായി ഇദ്ദേഹം യുവതിയോട് ഒരുങ്ങുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് ഒരു പെണ്‍കുട്ടിയെ പലര്‍ക്കും താങ്ങാന്‍ കഴിയില്ല എന്നും ഡോ:രാജ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ കാരണത്തിന്റെ പേരില്‍ ഇതേ ക്ലിനിക്കിലെ നഴ്സും പിടിയിലായിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തിനായി ആഗ്രഹിക്കുന്ന ദമ്പതികള്‍ ആദ്യം തന്നെ കൌണ്സിലിങ്ങിനു വിധേയമാകെണ്ടതാണ്. ഈ നിയമമെല്ലാം കാറ്റില്‍ പറത്തിയാണ് മിക്ക ക്ലിനിക്കുകളും ഗര്‍ഭച്ഛിദ്രം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല