സ്വന്തം ലേഖകൻ: ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ പുലർച്ചെ നാലോടെയാണ് ബിജു എത്തിയത്. മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും ബിജു കുര്യൻ പറഞ്ഞു.
”പുണ്യനാട്ടിൽ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് ഞാൻ നേരത്തെ തീരുമാനിച്ച കാര്യമാണ്. സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്‌ലഹേമിലേക്കും പോയി. തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ചില പ്രശ്നങ്ങൾ കാരണം നടന്നില്ല. ഇന്റനെറ്റ് സൗകര്യം ലഭിക്കാത്തതിനാലും ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ കഴിയാത്തതിനാലുമാണ് ആരെയും അറിയിക്കാന്‍ കഴിയാതിരുന്നത്.
മുങ്ങിയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണം മാനസിക വിഷമമുണ്ടാക്കി. ഞാൻ സ്വമേധയാ ആണ് മടങ്ങിയത്. ഒരു ഏജൻസിയും എന്നെ അന്വേഷിച്ച് വന്നിട്ടില്ല. മടങ്ങാനുള്ള ടിക്കറ്റ് സഹോദരനാണ് അയച്ചു തന്നത്. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും സംഘാംഗങ്ങളോടും മാപ്പു ചോദിക്കുന്നു,” ബിജു കുര്യൻ പ്രതികരിച്ചു.
ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ആധുനിക കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ 17 നു രാത്രിയാണു ബിജു കുര്യനെ കാണാതായത്. പിന്നീട് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായി. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ബിജു വീട്ടുകാരെ അറിയിച്ചിരുന്നു. ഇതോടെ ഫെബ്രുവരി 20 ന് കർഷക സംഘം മടങ്ങിയെത്തി.
മേയ് 8 വരെയായിരുന്നു ബിജുവിന്റെ വീസ കാലാവധി. എന്നാൽ ബിജു കുര്യന്റെ വീസ റദ്ദാക്കാനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നു. വീസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നായിരുന്നു ആവശ്യം. ഇതോടെയാണ് ഇയാൾ നാട്ടിലേക്ക് തിരിച്ചു വരുന്നതായി അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല