1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2024

സ്വന്തം ലേഖകൻ: മതിയായ കാരണങ്ങള്‍ ഇല്ലാതെ മക്കള്‍ സ്‌കൂളില്‍ പോകാതെ വിട്ടുനിന്നാല്‍ മാതാപിതാക്കള്‍ അടക്കേണ്ട പിഴ തുക വര്‍ധിപ്പിച്ചു. കാരണമില്ലാതെയും അനുമതിയില്ലാതെയും തുടര്‍ച്ചയായി അഞ്ചു ദിവസം സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളാണ് പിഴ അടക്കേണ്ടി വരിക. നിലവില്‍ 60 പൗണ്ട് ഉണ്ടായിരുന്ന പിഴ 80 പൗണ്ട് ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ഈ പിഴ 21 ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ 120 പൗണ്ട് എന്നത് 160 പൗണ്ട് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

എന്നാല്‍, ആദ്യ തവണ പിഴയൊടുക്കിയതിന് ശേഷം മൂന്നു വര്‍ഷത്തിനുള്ളില്‍ പിഴയൊടുക്കേണ്ടി വന്നാല്‍ പിഴ തുകയായി 160 പൗണ്ട് തന്നെ അടക്കേണ്ടതായി വരും. മൂന്നാമതൊരു തവണ കൂടി പിഴയൊടുക്കുന്നതിനുള്ള നോട്ടീസ് നല്‍കാന്‍ ഇതില്‍ വ്യവസ്ഥയില്ല. അതിനു പകരമായി പ്രോസിക്യൂഷന്‍ ഉള്‍പ്പടേയുള്ള നിയമനടപടികള്‍ മാതാപിതാക്കള്‍ നേരിടേണ്ടതായി വരും.

2022- 23 കാലഘട്ടത്തില്‍ അനധികൃതമായി സ്‌കൂളില്‍ നിന്നും വിട്ടുനിന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 4 ലക്ഷം പെനാല്‍റ്റി നോട്ടീസുകളാണ് നല്‍കിയത്. കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ വളരെയധികം കൂടുതലാണിത്.

ഇതില്‍ 89.3 ശതമാനം കേസുകളിലും കുട്ടികള്‍ അനധികൃതമായി സ്‌കൂളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണമായത് മാതാപിതാക്കള്‍ തന്നെയാണ്. ചെലവ് കുറഞ്ഞ ഒഴിവുകാലം ലക്ഷ്യം വെച്ച്, സ്‌കൂള്‍ പ്രവര്‍ത്തന ദിനങ്ങളില്‍ തന്നെ ഒഴിവുകാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നതാണ് ഇതിന് കാരണം എന്ന് വിദ്യാഭ്യാസ വകുപ്പ് ഡിസംബറില്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.

ആവശ്യത്തിന് അധ്യാപകരില്ലാതെ പല സ്‌കൂളുകളും ക്ലേശിക്കുമ്പോള്‍, കെട്ടിടങ്ങള്‍ പലതും അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുമ്പോള്‍, സര്‍ക്കാര്‍ മാതാപിതാക്കളില്‍ നിന്നും കൂടുതല്‍ പിഴയൊടുക്കാനാണ് ശ്രദ്ധ കാണിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സ്‌കൂളില്‍ ഹാജരാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും മാതാപിതാക്കള്‍ക്ക് ഇത്ര വലിയ പിഴ ശിക്ഷ വിധിക്കുന്നത് നീതീകരിക്കാനാവില്ല എന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.