![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-13-173403-640x364.png)
സ്വന്തം ലേഖകൻ: സ്വദേശികൾക്കും പ്രവാസികൾക്കും സർക്കാർ പ്ലാറ്റ്ഫോമായ അബ്ശിറിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കി സൗദി അറേബ്യ. ആപ്പ് വഴി ഓൺലൈനായി പാസ്പോർട്ട് നൽകുന്നതിനും പുതുക്കുന്നതിനും ആശ്രിതരുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. വിദേശ താമസക്കാർക്ക് അവരുടെ പാസ്പോർട്ട് ഡാറ്റ അപ്ഡേറ്റ് ചെയ്യാനും ഡിജിറ്റൽ ഐഡന്റിറ്റി കാണാനുമുള്ള സൗകര്യവും ആപ്പിൽ പുതുതായി ഒരുക്കിയിട്ടുണ്ട്.
ഇത് പ്രവാസികൾക്ക് അവരുടെ ഡിജിറ്റൽ ഐഡന്റിറ്റി പ്രദർശിപ്പിക്കാനും അതിന്റെ ഡാറ്റ കാണാനും അവസരം നൽകും. ഔദ്യോഗിക ഏജൻസികൾ മുമ്പാകെ തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കേണ്ട സന്ദർഭങ്ങളിൽ ആപ്പിൽ ലഭ്യമായ ഡിജിറ്റൽ ഐഡി കാണിച്ചു കൊടുത്താൽ മതിയാവും.
സൗദികളുടെ ദേശീയ ഐഡി കാർഡുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും പുതുതായി അബ്ശിർ പ്ലാറ്റ്ഫോമിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അതനുസരിച്ച്, ഐഡി കാർഡ് പുതുക്കാനും നഷ്ടപ്പെട്ടാലോ കേടുപാട് സംഭവിച്ചാലോ ആപ്പിൽനിന്ന് പകരം കാർഡ് ലഭ്യമാക്കാനും കഴിയും. പുതിയ ഐഡി കാർഡിന് ആവശ്യമായ ഫോട്ടോ എടുക്കാനുള്ള സംവിധാനവും ആപ്പിൽ ലഭ്യമാണ്. അതോടൊപ്പം വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപ്ഡേറ്റ് ചെയ്യാനും അബ്ശിറിൽ സൗകര്യമുണ്ട്.
സ്വന്തം സ്മാർട്ട്ഫോണുകളിലെ അബ്ശിർ ആപ്പ് വഴിയും അബ്ശിർ പ്ലാറ്റ്ഫോമിലെ വ്യക്തിഗത അക്കൗണ്ടിൽ ലോഗിൻ ചെയ്തും പുതിയ സേവനങ്ങളുടെ നടപടിക്രമങ്ങളും ആവശ്യകതകളും ഗുണഭോക്താക്കൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ അഫയേഴ്സ് ഡയറക്ടറേറ്റ് വിശദീകരിച്ചു.
സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സാലിഹ് അൽ മുറബ്ബയാണ് പുതിയ സേവനങ്ങൾ അബ്ശിർ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർക്കാൻ മുൻകൈയെടുത്തത്. സമയവും അധ്വാനവും ലാഭിക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് ഡയറക്ടറേറ്റ് കൂടുതൽ ഡിജിറ്റർ സേവവനങ്ങൾ അബ്ശിർ വഴി ലഭ്യമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
2013ലാണ് സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും വിദേശ താമസക്കാർക്കും വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന അബ്ശിർ ആപ്പ് ആരംഭിച്ചത്. ജോലികൾക്ക് അപേക്ഷിക്കലും പാസ്പോർട്ടുകൾ, റെസിഡൻസി കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പുതുക്കലതും ഉൾപ്പെടെ വിപുലമായ സേവനങ്ങൾ ഇന്ന് അബ്ശിർ ആപ്പിൽ ലഭ്യമാണ്. കൊവിഡ് കാലത്തോടെയാണ് രാജ്യത്ത് ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ ഗതിവേഗം കൈവരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല