സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വച്ച് നടക്കുന്ന ചെറിയ വാഹന അപകട കേസുകള്‍ അധികൃതര്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ശിറില്‍ സൗകര്യം. റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനു പുറമെ, മറ്റ് പല സേവനങ്ങളും പുതുതായി അബ്ശിര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ പരിഷ്‌ക്കരണങ്ങള്‍.
വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരു കമ്പനിയില്‍ നിന്ന് ഒരു വ്യക്തിക്ക് കൈമാറല്‍, വ്യക്തിഗത ലേല സേവനം, നമ്പര്‍ പ്ലേറ്റ് ട്രാന്‍സ്ഫര്‍ സേവനം, ബാങ്ക് കാര്‍ഡുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സേവനം, ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടല്‍, കസ്റ്റംസ് കാര്‍ഡ് ഡിസ്‌പ്ലേ സേവനം, രാജ്യത്തിന് പുറത്ത് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന, ട്രാഫിക് സേവനങ്ങള്‍ക്കായി വികസിപ്പിച്ച പോര്‍ട്ടല്‍ സേവനം, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍ തുടങ്ങിയ സേവനങ്ങളും പ്ലാറ്റ്‌ഫോമില്‍ ലഭിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പരമാവധി ഡിജിറ്റലാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും സഹകരിച്ചാണ് അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല