ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഗാര്‍ഡിയന്‍ പത്രം. നട്ടെല്ലിന് ക്ഷതമേറ്റ ബാഗ്ദാദി അജ്ഞാതകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും തീവ്രവാദി സംഘത്തിനുള്ളില്‍നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പറയുന്നു.
ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂളില്‍നിന്ന് രഹസ്യകേന്ദ്രത്തില്‍ എത്തിയ ഒരു വനിതാ ഡോക്ടറും ഒരു പുരുഷ ഡോക്ടറുമാണ് ബാഗ്ദാദിയെ ചികിത്സിക്കുന്നതെന്നാണ് വിവരം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യുഎസിന്റെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദിക്ക് പരുക്കേറ്റതെന്ന് ഗാര്‍ഡിയന്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നട്ടെല്ലിന് ക്ഷതമേറ്റ് എഴുനേല്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിയുന്ന ബാഗ്ദാദിക്ക് ഐഎസിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം സ്ഥിരീകരിക്കുന്നു. ഏറെ കാലമായി ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്ന അബു അലാ അഫ്രിയാണ് ഇപ്പോള്‍ ഐഎസിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്. അനൗദ്യോഗികമായി ഇപ്പോള്‍ ഐഎസിന്റെ തലവന്‍ ഇയാളാണ്.
ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെ പെന്റഗണും നിഷേധിച്ചിരുന്നു. അതേസമയം തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരുക്കേറ്റെന്ന കാര്യം പെന്റഗണ്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മൊസൂളിലെ ആശുപത്രിയില്‍നിന്നുള്ള വനിതാ റേഡിയോളജിസ്റ്റും പുരുഷ സര്‍ജനുമാണ് ബാഗ്ദാദിയെ ചികിത്സിക്കുന്നത്. എന്ത് രോഗത്തിനാണ് ചികിത്സിക്കുന്നതെന്നും എവിടെവെച്ചാണ് ചികിത്സിക്കുന്നതെന്നും ഐഎസിന്റെ ഏറ്റവും തലപ്പത്തുള്ള കുറച്ച് ആളുകള്‍ക്ക് മാത്രമെ വിവരമുള്ളു. ബാക്കി എല്ലാവരിലുംനിന്നു തന്നെ ബാഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല