സ്വന്തം ലേഖകൻ: യുഎഇ സ്വദേശികളും പ്രവാസികളും ഒരു പോലെ കാത്തിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ഡല്‍ഹി അബുദാബിയില്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ച വേളയിലാണ് യുഎഇ തലസ്ഥാനത്ത് ഐഐടി-ഡല്‍ഹി കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും തമ്മില്‍ ഒപ്പുവച്ചത്.
2024-25 അധ്യയന വര്‍ഷത്തില്‍, ഐഐടി-ഡല്‍ഹി അബുദാബി കാമ്പസ് രണ്ട് ബാച്ചിലേഴ്‌സ് പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷന്‍ ക്ഷണിച്ചിരിക്കുന്നത്. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്& എഞ്ചിനീയറിംഗ്), ബി.ടെക് (എനര്‍ജി എഞ്ചിനീയറിംഗ്). ആകെ 60 സീറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ഓരോ പ്രോഗ്രാമിനും 30 സീറ്റുകള്‍ വീതം ലഭ്യമാണ്. ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റിലോ സെപ്തംബറിലോ ഐഐടി അബുദാാബിയില്‍ പ്രവേശനം ലഭിക്കും.
ഐഐടിയിലെ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം രണ്ട് രീതികളിലൂടെ ആണ് നടക്കുന്നത്. കമ്പൈന്‍ഡ് അഡ്മിഷന്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിഎഇടി)- 2024, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ-അഡ്വാന്‍സ്ഡ്)- 2024. എന്നിവയിലൂടെയാണ് പ്രവേശനം. ജെഇഇ (അഡ്വാന്‍സ്ഡ്) യുടെ യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും/ ആവശ്യകതകളും https: //jeeadv.ac.in/index.htmlല്‍ ലഭ്യമാണ്.
യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍, യുഎഇ പൗരന്‍മാര്‍, അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അഞ്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സിഎഇടിയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പന്ത്രണ്ടാം ക്ലാസ്/ഗ്രേഡ് (അല്ലെങ്കില്‍ തത്തുല്യമായ) ബോര്‍ഡ് പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് (അല്ലെങ്കില്‍ അതിന് തത്തുല്യമായത്) നേടിയിരിക്കണം. അല്ലെങ്കില്‍ അതത് പന്ത്രണ്ടാം ക്ലാസ്/ഗ്രേഡ് (അല്ലെങ്കില്‍ തത്തുല്യമായ) ബോര്‍ഡ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 20 ശതമാനം പേരില്‍ ഉള്‍പ്പെട്ടവരായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ 1999 ഒക്ടോബര്‍ 1-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. യുഎഇ ദേശീയ നയം അനുസരിച്ച് രണ്ട് വര്‍ഷത്തെ പ്രായ ഇളവ് ബാധകമായേക്കാം. അവര്‍ക്ക് തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ പരമാവധി രണ്ട് തവണ എന്‍ട്രന്‍സ് പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ്/ഗ്രേഡ് (അല്ലെങ്കില്‍ തത്തുല്യം) പരീക്ഷ നിലവിലെ വര്‍ഷത്തിലോ തൊട്ടുമുമ്പുള്ള വര്‍ഷത്തിലോ ആദ്യമായി എഴുതിയവരായിരിക്കണം.
ഐഐടിയില്‍ നേരത്തെ പ്രവേശനം നേടിയവര്‍ ആയിരിക്കരുത്. ഐഐടിയില്‍ അഡ്മിഷന്‍ നേടിയ ശേഷം തുടര്‍ന്ന് പഠിച്ചാലും ഇല്ലെങ്കിലും അവര്‍ക്ക് വീണ്ടും എന്‍ട്രന്‍സ് പരീക്ഷ എഴുതാനാവില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യുഎഇ നിവാസികളുടെ മക്കളായ ഇന്ത്യന്‍ പൗരന്മാരായ കുട്ടികള്‍ക്കാണ് ഐഐടിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
അവര്‍ 10 മുതല്‍ 12 വരെ ക്ലാസ്/ഗ്രേഡ് പഠനം പൂര്‍ത്തിയാക്കിയത് യുഎഇ സ്‌കൂളില്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. അതോടൊപ്പം യുഎഇ പൗരന്‍മാരുടെ മക്കള്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. യുഎഇയും ഇന്ത്യന്‍ പൗരന്മാരും ഒഴികെയുള്ളവരില്‍ 2021 മാര്‍ച്ച് 4-നോ അതിനുശേഷമോ പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (PIO) കാര്‍ഡോ, ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (OCI) കാര്‍ഡോ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായി പരിഗണിക്കും. ഇവര്‍ക്കും ഐഐടിയിലേക്ക് അപേക്ഷിക്കാം. സാധുതയുള്ള സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഒരു വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം ചെയ്ത യുഎഇ പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തെ ഇളവ് നല്‍കും.
പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ഓര്‍ത്തുവയ്‌ക്കേണ്ട തീയതികള്‍:
മെയ് 16: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭം.
ജൂണ്‍ 3: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കും.
ജൂണ്‍ 14: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ജൂണ്‍ 23: പ്രവേശന പരീക്ഷ
ജൂലൈ 7: ഫലപ്രഖ്യാപനം
ജൂലൈ-ഓഗസ്റ്റ്: അഡ്മിഷന്‍ നടപടികള്‍
യോഗ്യതാ പരീക്ഷകള്‍, കേന്ദ്രങ്ങള്‍, അപേക്ഷകള്‍ സമര്‍പ്പിക്കല്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, https://abudhabi.iitd.ac.in സന്ദര്‍ശിക്കുകയോ adadmissions@abudhabi.iitd.ac.in എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല