സ്വന്തം ലേഖകൻ: പണിപൂര്‍ത്തിയായി വരുന്ന അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ എഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം.
ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഭൂരിഭാഗം വിമാന സര്‍വീസുകളും ഇതുവഴിയാക്കും. ഇതോടെ 1, 2 ടെര്‍മിനലുകള്‍ സ്ഥിരമായി അടയ്ക്കും. 2012ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. 2017ല്‍ പണിപൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
മിഡ്ഫീല്‍ഡ് ടെര്‍മിനലിന് മണിക്കൂറില്‍ 11,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. അതായത് ഒരു വര്‍ഷം മൂന്നു കോടി യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയും. മൂന്നാം ടെര്‍മിനല്‍ തിരക്കുള്ള സമയങ്ങളില്‍ മാത്രം ഉപയോഗിക്കുകയോ ബജറ്റ് എയര്‍ലൈനുകള്‍ക്കായി പരിമിതപ്പെടുത്തുകയോ ചെയ്യാനാണ് നീക്കം.
യാത്രക്കാര്‍ക്ക് ഭൂഗര്‍ഭ പാത വഴി വിവിധ ടെര്‍മിനലുകളിലേക്ക് എത്താനും സൗകര്യമൊരുക്കിവരികയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനം പൂര്‍ത്തിയായതായി 2019ല്‍ അന്നത്തെ കമ്പനി സിഇഒ ബ്രയാന്‍ തോംസണ്‍ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല