
സ്വന്തം ലേഖകൻ: അബുദാബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ ഏറ്റെടുക്കും. സ്വദേശികൾക്കായി ഈ വർഷം ജനുവരിയിൽ നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയാണ് പ്രവാസികൾക്കുകൂടി അബുദാബി സർക്കാർ ലഭ്യമാക്കുന്നത്.
ആംബുലൻസ്, എംബാമിങ്, മരണസർട്ടിഫിക്കറ്റ് എന്നിവ മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ താമസവീസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മരണം റിപ്പോർട്ട് ചെയ്താൽ തുടർനടപടികൾക്കായി സനദ്കോം പദ്ധതിയിൽനിന്ന് സർക്കാർ പ്രതിനിധിയെ നിയോഗിക്കും. നിലവിൽ ഏഴ് സർക്കാർ വകുപ്പുകളിൽനിന്നുള്ള രേഖകൾ ശരിയാക്കിയാൽ മാത്രമേ മരണാനന്തര നടപടികൾ പൂർത്തിയാകുമായിരുന്നുള്ളൂ. എന്നാൽ, ഇനിമുതൽ ഇത് ഏകീകൃത സംവിധാനത്തിലൂടെ എളുപ്പത്തിൽ നടത്താം.
പ്രവാസികൾ മരിച്ചാൽ എംബാമിങ്ങുമുതൽ ശവപ്പെട്ടിക്കുവരെ വൻതുക ചെലവ് വന്നിരുന്ന സാഹചര്യത്തിലാണ് അബുദാബി സർക്കാർ ഏറെ ആശ്വാസകരമായ പ്രഖ്യാപനം നടത്തിയത്. നിലവിൽ അബുദാബിയിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ അയയ്ക്കുന്നതിന് വിമാനക്കന്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.
എയർ ഇന്ത്യ- 3000 ദിർഹം (ഏകദേശം 70000 രൂപ), ഇൻഡിഗോ – 2500 ദിർഹം (ഏകദേശം 58000 രൂപ), എയർ അറേബ്യ 2400 ദിർഹം (ഏകദേശം 55000 രൂപ), ഇത്തിഹാദ് – 3500 ദിർഹം വരെ (ഏകദേശം 81000 രൂപ) എന്നിങ്ങനെയാണ് നിരക്കുകൾ. ഇതുകൂടാതെ എയർപോർട്ട് ഹാൻഡ്‌ലിങ് ചാർജിനത്തിൽ 500 മുതൽ 1000 വരെ ദിർഹം (ഏകദേശം 11000 മുതൽ 23000 വരെ രൂപ) കെട്ടിവെക്കേണ്ടിയും വരുന്നുണ്ട്. ഇതുകൂടാതെ ഏജൻസികൾക്കുള്ള ഫീസും നൽകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല