സ്വന്തം ലേഖകൻ: ഇൻഡിഗോ എയർലൈൻസ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്.
അബുദാബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര സർവീസുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ ഇൻഡിഗോയുടെ അബുദാബിയിലേക്കുള്ള സർവീസുകളുടെ എണ്ണം 63 ആയി. പുതിയ സർവീസ് പ്രഖ്യാപിച്ചതോടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു.
പുതിയ സർവീസ് പ്രഖ്യാപിച്ചുകൊണ്ട് സുപ്രധാന ചുവടുവെപ്പാണ് ഇൻഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സിഇഒയുമായ എലീന സൊർളിനി പറഞ്ഞു. ഇൻഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവീസ് വർധിപ്പിക്കുന്നതിലൂടെ യുഎഇയിലെ ഇൻഡിഗോയുടെ സാന്നിധ്യം ഉറപ്പിക്കാനാകുമെന്ന് ഇൻഡിഗോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ഒഴിവുസമയ യാത്രക്കാർക്ക് മെച്ചപ്പെട്ട ഫ്ലൈറ്റ് ഓപ്‌ഷനുകൾ നൽകുമെന്നും തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രാപ്തമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല