സ്വന്തം ലേഖകൻ: 2025-ഓടെ അബുദാബിയുടെ ആകാശത്തില്‍ കുഞ്ഞന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനമാണ് വ്യോമയാനമേഖലയിലെ ഏറ്റവുംപുതിയ വാര്‍ത്ത. തിരക്കുള്ളവര്‍ക്ക് 300 മുതല്‍ 350 ദിര്‍ഹം നിരക്കില്‍ അബുദാബിയുടെ ആകാശത്തിലൂടെ ചെറുവിമാന ടാക്‌സികളില്‍ യാത്രചെയ്യാനാകും. ലാന്‍ഡിങ്ങിനും ടേക് ഓഫിനും കാര്യമായ സ്ഥലമോ സമയമോ ആവശ്യമില്ലെന്നതാണ് എയര്‍ടാക്‌സികളുടെ പ്രത്യേകത.
നിന്നനില്‍പ്പില്‍ കുത്തനെ ഉയരാനുള്ള സാങ്കേതികതയാണ് ഇതിനുണ്ടാകുക. ഇലക്ട്രിക് സംവിധാനത്തില്‍ ഉയരുന്ന ഈ ചെറുവിമാനങ്ങളില്‍ അരമണിക്കൂര്‍കൊണ്ട് അബുദാബിയില്‍നിന്ന് ദുബായിലേക്ക് എത്തിച്ചേരാം. അബുദാബിയുടെ വിവിധ ഭാഗങ്ങളിലേക്ക് അതിലുംകുറഞ്ഞ സമയത്തിലും എത്തിച്ചേരാനാകും. മറ്റുവാഹനങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ‘ലാന്‍ഡിങ് ടേക്ക് ഓഫ്’ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഇത് യാത്രികര്‍ക്ക് എളുപ്പത്തിലുള്ള വന്നുപോക്കിന് സഹായകരമാകും.
പൈലറ്റും നാലുയാത്രികരുമടക്കം അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാനാകും വിധത്തിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 160 മുതല്‍ 241 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ ഇതിനുസാധിക്കും. ഏറ്റവുമുയര്‍ന്ന സുരക്ഷാനിലവാരം പുലര്‍ത്തുന്നതാണ് ഈ ഇലക്ട്രിക് എയര്‍ ടാക്‌സികളെന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത ഹെലികോപ്റ്റര്‍ പ്രവര്‍ത്തനരീതിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുക.
പൂര്‍ണമായും വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡസന്‍ പ്രൊപ്പല്ലറുകളാണ് ഇതിന് കരുത്തേകുക. എയര്‍ടാക്‌സി രാജ്യത്ത് പൂര്‍ണതോതില്‍ സജീവമാകുന്നതോടെ നിലവിലെ ടാക്‌സിനിരക്കില്‍ത്തന്നെ സര്‍വീസ് നടത്താനാകുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. 2026-ഓടെ ദുബായ് നഗരത്തിലും എയര്‍ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുമെന്ന അറിയിപ്പുണ്ട്.
യു.എ.ഇ. വിനോദസഞ്ചാരമേഖലയിലും ബിസിനസ് രംഗങ്ങളിലും വലിയ കുതിച്ചുചാട്ടത്തിനാണ് എയര്‍ ടാക്‌സി പദ്ധതി കാരണമാകുക. രാജ്യത്തിന്റെ തന്ത്രപ്രധാന ഇടങ്ങളെയെല്ലാം ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാകും ഇതിന്റെ സര്‍വീസ്. പ്രധാന കച്ചവടകേന്ദ്രങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം എയര്‍ടാക്‌സിയില്‍ എത്തിച്ചേരാനാകും.
ഒപ്പം, എയര്‍ടാക്‌സി യാത്രയും പുതിയ വിനോദസങ്കേതമായിമാറുകയും ചെയ്യും. പ്രാരംഭഘട്ടത്തില്‍ ടിക്കറ്റ് നിരക്ക് ഉയരുമെങ്കിലും കൃത്യമായ വീക്ഷണത്തോടെയുള്ള എയര്‍ടാക്‌സി സംവിധാനം കാലതാമസമില്ലാതെ എല്ലാതരം ആളുകള്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റും വിധത്തിലുള്ളതാകും. കാലിഫോര്‍ണിയന്‍ എയര്‍ടാക്‌സി കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനാണ് വിപ്ലവകരമായ ഈ പ്രഖ്യാപനം നടത്തിരിക്കുന്നത്.
റോഡിലെ തിരക്കൊന്നും സമീപഭാവിയില്‍ ആളുകള്‍ക്കൊരു ബുദ്ധിമുട്ടല്ലാതായി മാറുമെങ്കിലും അബുദാബി ദുബായ് യാത്രയ്ക്ക് 800 ദിര്‍ഹം ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരും. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ലൈസന്‍സ് ലഭിക്കുന്നതോടെ പദ്ധതി നിലവില്‍വരുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല