1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2024

സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ ദുബായ്ക്കും അബുദാബിക്കും ഇടയില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇരു നഗരങ്ങള്‍ക്കുമിടയില്‍ പുതിയ ടാക്‌സി ഷെയറിങ് പൈലറ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതായി ആര്‍ടിഎ അറിയിച്ചു. ഇത് യാത്രാ ചെലവിന്റെ 75% വരെ ലാഭിക്കാന്‍ യാത്രക്കാരെ സഹായിക്കും. ഒന്നിലധികം പേര്‍ ഒരു ടാക്‌സിയില്‍ യാത്ര ചെയ്യുകയും അതിനുള്ള വാടക യാത്രക്കാര്‍ അവര്‍ക്കിടയില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ടാക്‌സി ഷെയറിംഗ് പദ്ധതി.

സൗകര്യപ്രദവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഗതാഗത ഓപ്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പുതിയ സേവനം ആറ് മാസത്തേക്ക് പരീക്ഷണാര്‍ഥമാണ് നടപ്പിലാക്കിയിരിക്കുന്നത്. അതിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആര്‍ടിഎ കൂട്ടിച്ചേര്‍ത്തു. ദുബായിലെ ഇബ്നു ബത്തൂത്ത സെന്ററിനും അബുദാബിയിലെ അല്‍ വഹ്ദ സെന്ററിനുമിടയില്‍ യാത്രക്കാര്‍ക്ക് ടാക്‌സികള്‍ പങ്കിടാനാകും.

‘ഈ സംരംഭം യാത്രാ ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് ദുബായ്ക്കും അബുദാബിക്കും ഇടയില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്ക്. കൂടാതെ, രണ്ട് സ്ഥലങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളുമായും പാര്‍ക്കിംഗ് സൗകര്യങ്ങളുമായും മികച്ച രീതിയില്‍ ഇത് ബന്ധിപ്പിച്ചിരിക്കുന്നു,’- ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയിലെ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ ആദില്‍ ഷാക്കിരി പറഞ്ഞു.

രണ്ട് എമിറേറ്റുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന നാല് പേര്‍ ചേര്‍ന്ന് ഒരൊറ്റ ടാക്‌സി പങ്കിടുന്നതാണ് പുതിയ സംവിധാനം. ഇതുവഴി യാത്രാ ചെലവ് 75 വരെ കുറയ്ക്കുന്നതിലൂടെ ഈ സംരംഭം യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രയല്‍ സര്‍വീസ് ഓരോ യാത്രക്കാരനെയും മുഴുവന്‍ യാത്രാക്കൂലിയും അടയ്ക്കുന്നതിന് പകരം ഷെയര്‍ ചെയ്ത റൈഡില്‍ 66 ദിര്‍ഹം അടയ്ക്കാന്‍ പ്രാപ്തമാക്കുമെന്നും യാത്രക്കാര്‍ക്ക് അവരുടെ ബാങ്ക് കാര്‍ഡുകള്‍ വഴിയോ നോല്‍ കാര്‍ഡുകള്‍ വഴിയോ നിരക്ക് അടയ്ക്കാമെന്നും ഷാക്രി പറഞ്ഞു.

രണ്ട് റൈഡര്‍മാര്‍ നിരക്ക് പങ്കിടുമ്പോള്‍, ഒരു യാത്രക്കാരന് 132 ദിര്‍ഹവും മൂന്ന് യാത്രക്കാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ 88 ദിര്‍ഹവുമാണ് ചെലവ് വരിക. ഈ സംരംഭത്തിലൂടെ, ഒറ്റ ടാക്‌സിയില്‍ പങ്കിട്ട യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സാധിക്കും. ഇതിനു പുറമെ, ലൈസന്‍സില്ലാത്ത ഗതാഗത സേവനങ്ങള്‍ പരിമിതപ്പെടുത്താനും ഇത് വലിയൊരുളവില്‍ സഹായകമാവുമെന്നും ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.

രണ്ട് എമിറേറ്റുകള്‍ക്കിടയിലുള്ള ഷെയര്‍ ടാക്സി സര്‍വീസിന് സാധ്യതയുള്ള റൂട്ടുകള്‍ വിശദമായി വിശകലനം ചെയ്തതിന് ശേഷമാണ് ദുബായിലെ ഇബ്ന്‍ ബത്തൂത്ത സെന്ററും അബുദാബിയിലെ അല്‍ വഹ്ദ സെന്ററും തിരഞ്ഞെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.