സ്വന്തം സ്വന്തം ലേഖകൻ: രിസ്ഥിതി നിയമലംഘനങ്ങൾക്കു ചുമത്തിയ പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). തെറ്റായി രേഖപ്പെടുത്തിയ പിഴയ്ക്കെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകാനും അനുമതി നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ നിയമത്തിലാണ് പിഴയിൽ ഇളവ് പ്രഖ്യാപിച്ചത്. ലഭിച്ച പിഴയുടെ 75 ശതമാനം അടച്ച് കേസ് തീർക്കാപ്പാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ഇഎഡി ആവശ്യപ്പെട്ടു.
ഒരു വർഷത്തിനിടെ ഒരേനിയമലംഘനം ആവർത്തിച്ചവർക്കും ഗുരുതര പാരിസ്ഥിതിക ആഘാതം വരുത്തിയവർക്കും ഈ ആനുകൂല്യം ലഭിക്കില്ല. ഇളവ് അപേക്ഷ പരിസ്ഥിതി ഏജൻസി തിരസ്കരിച്ചാൽ അപേക്ഷകൻ മുഴുവൻ പിഴയും അടയ്ക്കണം. ഇതിനുപുറമെ പരിസ്ഥിതി ഏജൻസി നിർദേശിക്കുന്ന കാലയളവിനകം നിയമലംഘനം നീക്കുകയും വേണം. ഇല്ലെങ്കിൽ നിയമലംഘകന്റെ ചെലവിൽ ഏജൻസി പ്രശ്നം പരിഹരിക്കുമെന്നും മുന്നറിയിപ്പുണ്ട്.തെറ്റിയാണ് പിഴ ചുമത്തിയതെന്ന് കരുതുന്നവർ വിജ്ഞാപനം വന്ന തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവ് സഹിതം ഏജൻസിക്ക് അപ്പീൽ നൽകണം.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കടുപ്പിച്ചതെന്ന് ഇഎഡി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സാലിം അൽ ദാഹിരി പറഞ്ഞു. നിയമം എമിറേറ്റിലുടനീളം ബാധകമാണെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുക, പച്ചപ്പിന് ഭംഗം വരുന്ന വിധം ചെടികളും മരങ്ങളും നശിപ്പിക്കുക, ജലാശയത്തിൽ മാലിന്യം തള്ളുക, പ്രകൃതിക്കു ദോഷം ചെയ്യുന്ന രാസവസ്തുക്കൾ കരയിലോ കടലിലോ പ്രയോഗിക്കുക, നഗരസൗന്ദര്യത്തിന് തടസ്സം സൃഷ്ടിക്കുക, നിരോധിത സമയങ്ങളിൽ മത്സ്യബന്ധനം നടത്തുക, നിരോധിച്ച മത്സ്യങ്ങൾ പിടിക്കുക, മരുഭൂമിയെ മലിനമാക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല