സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും ഡിമാൻഡും വിലയും കൂടി. ശരാശരി 5% വരെയാണ് വില വർധിച്ചത്. നഗരത്തിൽ കുടുംബമായി താമസിക്കുന്ന ചില പ്രദേശങ്ങളിൽ വാർഷിക വാടകയിൽ 2000 മുതൽ 5000 ദിർഹം വരെയാണ് കൂട്ടിയത്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 1000 മുതൽ 3000 ദിർഹം വരെയാണ്. കെട്ടിട വാടക കരാർ പുതുക്കുന്ന സമയത്താണ് വാടക കൂട്ടുന്നത്.
കോവിഡ് കാലത്തിനു ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ് പ്രകടമായതോടെ ഈ വർഷം ആദ്യം മുതൽ വാടക വർധിപ്പിച്ചു തുടങ്ങിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചുവരികയാണ്. സ്കൂൾ ഫീസും ബസ് ഫീസും കൂട്ടിയതോടെ പ്രവാസി കുടുംബങ്ങളുെട വരുമാനവും ചെലവും തമ്മിൽ ഒത്തുപോകാത്ത അവസ്ഥയുണ്ടെന്ന് മലയാളി കുടുംബങ്ങൾ സൂചിപ്പിച്ചു. വിവിധ ചെലവുകൾ വർധിക്കുമ്പോൾ ശമ്പളം ഉൾപ്പെടെ വരുമാനത്തിൽ കാര്യമായ മാറ്റമുണ്ടാകാത്തത് വിനയാകുന്നു.
ഇതോടെ പലരും സ്വന്തം പേരിലുള്ള ഫ്ലാറ്റ് ഒഴിവാക്കി വില്ലകളിലേക്കോ ഷെയറിങ് അക്കമഡേഷനിലേക്കോ മാറി ചെലവ് പിടിച്ചു നിർത്താൻ ശ്രമിക്കുന്നു. ജലവൈദ്യുതി ബിൽ ലാഭിക്കാമെന്നതാണ് വില്ലകളിലെ ആകർഷണം. കൂടാതെ കുട്ടികൾക്ക് കളിക്കാനും വാഹനം പാർക്ക് ചെയ്യാനുമുള്ള സൗകര്യവും കുടുംബങ്ങളെ വില്ലകളിൽ എത്തിക്കുന്നു.
നിയമവിരുദ്ധമാണെങ്കിലും ഫ്ലാറ്റിലെ പരിമിത സൗകര്യത്തിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിച്ചും ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്ന പ്രവാസി കുടുംബങ്ങൾ ഒട്ടേറെയുണ്ട്. അതിനാൽ ഷെയറിങ് അക്കമഡേഷനും ഡിമാൻഡ് കൂടി. ഉദ്ദേശിച്ച സ്ഥലത്ത് ഷെയറിങ് കിട്ടാതാകുന്നതോടെ രണ്ടും മൂന്നും കുടുംബങ്ങൾ ചേർന്ന് ഒരാളുടെ പേരിൽ ഫ്ലാറ്റുകൾ എടുത്തും താമസിച്ചുവരുന്നു.
സ്റ്റുഡിയോ, വൺബെഡ്റൂം ഫ്ലാറ്റുകൾക്കാണ് ആവശ്യക്കാർ കൂടിയത്. അബുദാബിയിൽ കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മുസഫ ഷാബിയ, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ് എന്നിവിടങ്ങളിലാണ് ഹ്രസ്വകാല താമസത്തിന് ആവശ്യക്കാർ കൂടിയത്.
നേരത്തെ മാസ വാടക 1800–2000 ദിർഹത്തിന് ഷെയറിങ് റൂം കിട്ടിയിരുന്നത് ഇപ്പോൾ 2000–2500 ദിർഹമായി. വില്ലയിൽ സ്റ്റുഡിയോ ഫ്ലാറ്റിന് വർഷത്തിൽ 32,000–35,000, വൺ ബെഡ് റൂം ഫ്ലാറ്റിനു 40,000 മുതൽ 45,000 വരെയും 2 ബെഡ് റൂം ഫ്ലാറ്റിനു 50,000 മുതൽ 65000 വരെയും ഈടാക്കുന്നു.
നഗരത്തിൽ പാർക്കിങിനു പണം നൽകേണ്ടിവരുന്നതും ഉൾപ്രദേശത്തേക്കു താമസം മാറുന്നവരുടെ എണ്ണം കൂട്ടി. ദുബായിൽ കരാമയും ഖിസൈസും പോലെ അബുദാബിയിൽ മുസഫ ഷാബിയയിലാണ് ഇടത്തരം കുടുംബങ്ങൾ കൂടുതലായി താമസിക്കുന്നത്. വാഹന സൗകര്യം ഇല്ലാത്തവർക്ക് ബസിൽ ജോലിക്കുപോകാനും വരാനുമുള്ള എളുപ്പം നോക്കിയാണ് പലരും താമസയിടം തിരഞ്ഞെടുക്കുന്നത്.
അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ ഫ്ലാറ്റുകൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. വാഹന സൗകര്യമുള്ളവർ അൽപം അകലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, ബനിയാസ്, അൽവത്ബ എന്നിവിടങ്ങളിലെ വില്ലകളിലേക്കു മാറുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല