1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2024

സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് അബൂദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്ക്). അസാധാരണമായ വര്‍ധനവിന് അംഗീകാരം തേടുന്നതിന് മുമ്പ് ഒരു കൂട്ടം നിബന്ധനകള്‍ പാലിക്കണണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നു. അബൂദാബിയുടെ വിദ്യാഭ്യാസ ചെലവ് സൂചികയെ അടിസ്ഥാനമാക്കി അസാധാരണമായ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവിന് അഡെക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഫീസ് വര്‍ധിപ്പിക്കാന്‍ യോഗ്യത നേടുന്നതിന്, സ്‌കൂളുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ സാമ്പത്തിക നഷ്ടം തെളിയിക്കുകയും ഈ കാലയളവിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകള്‍ നല്‍കുകയും വേണം. കൂടാതെ, അവര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുകയും സാധുതയുള്ള ലൈസന്‍സ് കൈവശം വയ്ക്കുകയും സ്‌കൂളിന്റെ ആകെ ശേഷിയുടെ കുറഞ്ഞത് 80 ശതമാനം വിദ്യാര്‍ഥികളെങ്കിലും നിലവില്‍ പഠനം തുടരുകയും വേണം. അപേക്ഷയ്ക്ക് അഡെക്കിന്റെ അംഗീകാരം ലഭിച്ചാല്‍, ഓരോ അധ്യയന വര്‍ഷവും ഒരു തവണ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കും.

ഫീസ് വര്‍ദ്ധനയ്ക്കുള്ള സ്‌കൂളുകളുടെ ഏതൊരു അഭ്യര്‍ത്ഥനയും നിരസിക്കാനുള്ള അവകാശം ഡിപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായിരിക്കും. ഒരു അധ്യയന വര്‍ഷത്തിലെ ട്യൂഷന്‍ ഫീസ് കുറഞ്ഞത് മൂന്ന് ഗഡുക്കളായിട്ടെങ്കിലും വിഭജിക്കണം. പരമാവധി 10 ഗഡുക്കള്‍ വരെ ആവാം. ഫീസ് മുഴുവന്‍ ഒന്നോ രണ്ടോ തവണകളായി ഈടാക്കാന്‍ പാടില്ലെന്നര്‍ഥം. പുതിയ നയം അനുസരിച്ച്, അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് സ്‌കൂളുകള്‍ക്ക് ആദ്യ ഗഡു പിരിച്ചെടുക്കാം.

അംഗീകൃത ട്യൂഷന്‍ ഫീസിന്റെ അഞ്ച് ശതമാനം വരെ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കാനും നയം സ്‌കൂളുകള്‍ക്ക് അധികാരം നല്‍കുന്നു. എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് നാല് മാസം മുമ്പ് വരെ സ്‌കൂളുകള്‍ക്ക് ഈ ഫീസ് ഈടാക്കാം. അത് വിദ്യാര്‍ത്ഥിയുടെ അവസാന ട്യൂഷന്‍ ഫീസില്‍ നിന്ന് കുറയ്ക്കുകയും വേണം. കൂടാതെ, ട്യൂഷന്‍ ഫീസ് പേയ്മെന്റുകള്‍ക്ക് പകരമായി രക്ഷിതാക്കളില്‍ നിന്ന് ഏതെങ്കിലും സാമ്പത്തിക ഗ്യാരന്റി അഭ്യര്‍ത്ഥിക്കുന്നതിനോ സ്വീകരിക്കുന്നതിനോ സ്‌കൂളുകള്‍ക്ക് അവകാശമുണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥിയെ എന്റോള്‍ ചെയ്യുന്നതിനുമുമ്പ് സ്‌കൂളുകള്‍ പ്രീ-ഡെപ്പോസിറ്റോ രജിസ്‌ട്രേഷന്‍ ഫീസോ മാതാപിതാക്കളില്‍ നിന്ന് അഭ്യര്‍ത്ഥിക്കരുത്.

പുതിയ നയമനുസരിച്ച് സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് ആറു ഘടകങ്ങളായി വിഭജിച്ചിട്ടുണ്ട്. ട്യൂഷന്‍ ഫീസ്, വിദ്യാഭ്യാസ റിസോഴ്സ് ഫീസ്, യൂണിഫോം ഫീസ്, ഗതാഗത ഫീസ്, പാഠ്യേതര പ്രവര്‍ത്തന ഫീസ്, മറ്റ് ഫീസുകള്‍ എന്നിവയാണത്. രജിസ്‌ട്രേഷന്‍ സമയത്ത് സ്‌കൂളുകള്‍ ഈ ഘടകങ്ങള്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തണം. ബോര്‍ഡ് പരീക്ഷകള്‍ക്ക് ന്യായമായ അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഈടാക്കാനും നയം അനുവദിക്കുന്നു. എന്നാല്‍ അവ സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിരിക്കണം. ഈ ഫീസ് ഡോക്യുമെന്റ് പ്രോസസ്സിംഗ്, മേല്‍നോട്ടം, മെയിലിംഗ് എന്നിവ പോലുള്ള ചിലവുകള്‍ ഉള്‍ക്കൊള്ളണം.

പുതിയ നയമനുസരിച്ച്, സ്‌കൂളുകള്‍ അവരുടെ വെബ്സൈറ്റുകളില്‍ വിശദമായ ട്യൂഷന്‍ പേയ്മെന്റ് ഷെഡ്യൂളുകള്‍ പോസ്റ്റ് ചെയ്യണം. കൂടാതെ ഈ ഷെഡ്യൂളുകള്‍ പാലിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുമായി കരാറില്‍ ഏര്‍പ്പെടാം. സാധാരണ സാഹചര്യങ്ങളില്‍, സ്‌കൂള്‍ പരിശോധനകളിലെ റേറ്റിംഗ് അനുസരിച്ച് മാത്രമേ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുവാദമുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.