1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2024

സ്വന്തം ലേഖകൻ: പുതുവത്സരത്തലേന്ന് അഥവാ ഡിസംബര്‍ 31 ന് അര്‍ധരാത്രി, ലോകം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തുനില്‍ക്കുന്ന സമയത്ത്, അബുദാബിയുടെ ആകാശം ഒരു മണിക്കൂറോളം നേരം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കും. അല്‍ വത്ബയിലെ ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന 53 മിനിറ്റ് നിര്‍ത്താതെയുള്ള വെടിക്കെട്ട് പ്രദര്‍ശനത്തെ തുടര്‍ന്നാണിത്.

ഉത്സവത്തിലെ പുതുവത്സര രാവില്‍ ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന അസാധാരണമായ കരിമരുന്ന് പ്രയോഗങ്ങളും ഡ്രോണ്‍ ഷോകളും ആറ് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ലൈറ്റ്, ലേസര്‍ ടെക്‌നോളജി ഡിസ്‌പ്ലേകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വെടിക്കെട്ട് പ്രദര്‍ശനം വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് അർധരാത്രി വരെ ഓരോ മണിക്കൂറിലും ഇത് ആവര്‍ത്തിക്കും. പ്രധാന വെടിക്കെട്ട് പ്രദര്‍ശനത്തിന് മുമ്പ്, രാത്രി 11.40 ന്, 6,000 ഡ്രോണുകള്‍ ഉള്‍ക്കൊള്ളുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡ്രോണ്‍ ഷോ അല്‍ വത്ബ ആകാശത്തെ പ്രകാശിപ്പിക്കും. ഡ്രോണുകള്‍ നിരവധി ചലിക്കുന്ന കലാപരമായ ചിത്രങ്ങള്‍ സൃഷ്ടിക്കും. അവയില്‍, 3,000 ഡ്രോണുകള്‍ വരും വര്‍ഷത്തിന് ആശംസകള്‍ നേരുന്നതിനായി ആകാശത്ത് ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് രേഖപ്പെടുത്തും.

എമിറേറ്റ്സ് ഫൗണ്ടന്‍ സ്റ്റേജ് സന്ദര്‍ശകര്‍ക്കായി അസാധാരണമായ ഒരു ഡിസ്പ്ലേയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. നൂതനമായ രീതിയില്‍ പ്രകാശവും ലേസര്‍ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് 80 ലേസര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് അല്‍ വത്ബയുടെ ചക്രവാളത്തില്‍ അത് പുതിയ വിസ്മയം തീര്‍ക്കും. ഇതിനിടയില്‍ 100,000 ബലൂണുകള്‍ ആകാശത്തേക്ക് പറന്നുയരും.

പുതുവത്സര രാവില്‍ ശെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള ഗേറ്റുകള്‍ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും. കൂടാതെ വേദി പൂര്‍ണ്ണ ശേഷിയില്‍ എത്തുമ്പോള്‍ എന്‍ട്രികളൊന്നും അനുവദിക്കില്ലെന്നും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും വാങ്ങാനും കമ്മിറ്റി സന്ദര്‍ശകരോട് അഭ്യർഥിച്ചു.

ഫെസ്റ്റിവല്‍ ഗ്രൗണ്ടിന് പുറത്തുള്ള വലിയ പ്രധാന സ്‌ക്രീനുകള്‍ പുതുവത്സര ആഘോഷങ്ങള്‍ പ്രക്ഷേപണം ചെയ്യും. സമ്പന്നവും വിനോദപ്രദവുമായ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം രാഷ്ട്രങ്ങള്‍ക്കിടയില്‍ സാംസ്‌കാരികവും കലാപരവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെസ്റ്റിവലിൻ്റെ ആഗോള കാഴ്ചപ്പാടാണ് ആഘോഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.