സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഫ്രീലാന്‍സ് വീസയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികൃതര്‍. ഫ്രീലാന്‍സര്‍ ലൈസന്‍സില്‍ മുപ്പത് തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെയാണിത്. അബുദാബി സാമ്പത്തിക വികസന വകുപ്പിലെ അബുദാബി ബിസിനസ് സെന്റര്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഫ്രീലാന്‍സ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അവ പ്രധാനമായും ഏതൊക്കെ മേഖലയുമായി ബന്ധപ്പെട്ടതാണെന്ന് പരിശോധിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വികസനം.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഉപകരണ സംവിധാനങ്ങള്‍, സോഫ്‌റ്റ്വെയര്‍ എന്നിവയുടെ രൂപകല്‍പ്പന.
എണ്ണ, പ്രകൃതി വാതക ഫീല്‍ഡുകളില്‍ പ്രൊഡക്ഷന്‍ സോഫ്റ്റ് വെയര്‍ ഡിസൈന്‍.
ഡാറ്റ വര്‍ഗീകരണവും വിശകലന സേവനങ്ങളും.
കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവയുടെ വികസനവും നവീകരണവും.
3ഡി ഇമേജിങ് വഴിയുള്ള പ്രൊഡക്ഷന്‍ മോഡലുകള്‍.
ഓണ്‍ലൈന്‍ കളിക്കാര്‍ക്ക് ആവശ്യമായ സപ്പോര്‍ട്ട് സര്‍വീസ്.
നിലവില്‍ 50ലേറെ ജോലികള്‍ ഫ്രീലാന്‍സ് വീസക്കാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ഭക്ഷ്യസുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വെബ് ഡിസൈനിംഗ്, മീഡിയ, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങി നിരവധി മേഖലകള്‍ ഫ്രീലാന്‍സ് ലൈസന്‍സുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കും.
മറ്റൊരു സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതാണ് ഫ്രീലാന്‍സ് ലൈസന്‍സിന്റെ പ്രത്യേകത. സ്വന്തം നിലയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. ഫ്രീലാന്‍സ് ലൈസന്‍സുള്ള ആര്‍ക്കും ആര്‍ക്കു കീഴിലും ജോലി ചെയ്യാം. ഒരേ സമയത്ത് ഒന്നിലധികം ജോലി ചെയ്യാനും കഴിയും. താല്‍ക്കാലിക തൊഴില്‍ ദാതാവുമായി കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാന്‍ അവസരം ലഭിക്കുക. ഫ്രീലാന്‍സര്‍ പ്രൊഫഷണല്‍ ലൈസന്‍സ് സംവിധാനം വിദഗ്ധരുടെയും തൊഴില്‍ നൈപുണ്യം ഉള്ളവരുടെയും സേവനങ്ങള്‍ സംഘനടകള്‍ക്കും സ്ഥാപനങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ വഴിയൊരുക്കും.
ലൈസന്‍സ് ലഭിക്കുന്നതിന്, അപേക്ഷകന് ഒരു പ്രത്യേക മേഖലയിലോ വ്യവസായത്തിലോ അനുഭവപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ആ മേഖലയില്‍ അക്കാദമിക് അല്ലെങ്കില്‍ പ്രൊഫഷണല്‍ മികവ് തെളിയിച്ചവരായിരിക്കണം. വിവിധ ഫ്രീലാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 1,013 ലൈസന്‍സുകള്‍ നല്‍കിയതായി എഡിബിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് മുനിഫ് അല്‍ മന്‍സൂരി പറഞ്ഞു.
പ്രതിഭകള്‍, ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ അബൂദാബിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രൊഫഷണലുകളുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഫ്രീലാന്‍സ് തൊഴിലുകളുടെ വിപുലീകരണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല