സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പുതുക്കി. 71 രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്രാവശ്യവും ഇന്ത്യ ഇല്ല. അബുദാബി സാംസ്‌കാരിക- ടൂറിസം (ഡിസിടി അബുദാബി) വിഭാഗമാണ് പുറത്തുവിട്ടത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അബുദാബി വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും ആറാം ദിവസവും പിസിആര്‍ പരിശോധന എടുത്താല്‍ മതി. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങള്‍ ഇവയാണ്;
അല്‍ബേനിയ, അള്‍ജീരിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസെര്‍ബെയ്ജാന്‍, ബഹ്‌റൈന്‍, ബെലാറസ്, ബെല്‍ജിയം, ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന, ബ്രസീല്‍, ബര്‍മ്മ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സിപ്രസ്, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ഗ്രീസ്, ഹോങ്കോങ്ക് (എസ്എആര്‍), ഹംഗറി, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, ഇറ്റലി, ജപ്പാന്‍, ഖസാക്കിസ്ഥാന്‍, കുവൈത്ത്, കിര്‍ഖിസ്ഥാന്‍, ലാവോസ്, ലാത്വിയ, ലുക്‌സെംബെര്‍ഗ്, മലേഷ്യ, മാലിദ്വീപ്, നെതര്‍ലാന്‍ഡ്‌സ്, മൊറോക്കോ, നോര്‍വെ, ഒമാന്‍, പപുവാ ന്യൂ ഗിനിയ, ഫിലിപ്പൈന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട്, റൊമാനിയ, സൗദി അറേബ്യ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിറിയ, സെയ്‌ഷെല്‍സ്, തായ്‌വാന്‍, ചൈനയുടെ പ്രവശ്യ, തജിക്കിസ്ഥാന്‍, തായ്‌ലാന്‍ഡ്, ടുണീഷ്യ, യെമന്‍, തുര്‍ക്കിമിനിസ്ഥാന്‍, ഉക്രെയ്ന്‍, അമേരിക്ക.
ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്ചയില്‍ ഒരിക്കലാണ് അബുദാബി ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിക്കുന്നത്. ഗ്രീന്‍ പട്ടികയില്‍ ഇല്ലെങ്കിലും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് നിലവില്‍ രാജ്യത്ത് ക്വാറന്റൈന്‍ ഇല്ല.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുകത്തുള്ള പിസിആര്‍ പരിശോധനയും വിമാനത്താവളത്തില്‍ നിന്ന് 4 മണിക്കൂറിനകം എടുത്ത റാപ്പിഡ് പരിശോധന നെഗറ്റീവ് ഫലവുമായി യുഎഇയില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന എടുക്കും. അതില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് കുഴപ്പമില്ല. അബുദാബി താമസക്കാര്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കുകയും വേണം.
പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ നിന്നുള്ള വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തും. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സ്വീകരിക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രാജ്യാന്തര സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി പട്ടിക പതിവായി അപ്ഡേറ്റ് ചെയ്യുമെന്നും യാത്രയ്ക്കുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു.
അതിനിടെ ക്വാറൻ്റീൻ നിബന്ധനകള്‍ വീണ്ടും പുതുക്കി. കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ഐസൊലേഷന്‍, ക്വാറന്റൈന്‍ നിബന്ധനകള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുതുക്കിയത്. കോവിഡ് ബാധിതരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും സ്വീകരിക്കേണ്ട മാര്‍ഗരേഖയുമായി സമൂഹ മാധ്യമങ്ങളില്‍ കാംപെയ്ന്‍ ആരംഭിച്ചു.
പിസിആര്‍ പരിശോധനാ ഫലം പോസിറ്റീവായാല്‍ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ് ത്രൂ സ്‌ക്രീനിങ് കേന്ദ്രത്തിലെത്തി പുനഃപരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കില്‍ 24 മണിക്കൂറിനു ശേഷം വീണ്ടും പിസിആര്‍ എടുത്ത് ഫലം നെഗറ്റീവ് ആണെങ്കില്‍ സാധാരണ ജീവിതം തുടരാം. ആദ്യ പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം നേരിയ മുതല്‍ ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള പ്രൈം അസസ്‌മെന്റ് സെന്ററിലേക്ക് പോകണം.
തുടര്‍ച്ചയായ രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ സൗകര്യം ഉള്ളവര്‍ക്ക് വീട്ടില്‍ കഴിയാം. അല്ലാത്തവരെ പൊതുക്വാറന്റൈനിലേക്കും ഗുരുതര ലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മാറ്റും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അവസാനത്തെ 2 ദിവസം (8,9) പരിശോധനയില്‍ നെഗറ്റീവ് ആകണം. അല്ലെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ കാലയളവില്‍ അവസാന 3 ദിവസം രോഗമില്ലാതെ പൂര്‍ത്തിയാക്കണം.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ലഭിച്ച എസ്എംഎസ് നിര്‍ദേശം പ്രകാരം, പ്രൈം അസസ്‌മെന്റ് കേന്ദ്രത്തിലെ ക്ലോസ് കോണ്‍ടാക്ട് വിഭാഗത്തിലെത്തി പരിശോധന നടത്തണം. നെഗറ്റീവ് ഫലം ലഭിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആറാം ദിവസം വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തി ഏഴാം ദിവസം ക്വാറന്റൈന്‍ അവസാനിപ്പിക്കാം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസമാണ് ക്വാറന്റൈന്‍. ഒമ്പതാം ദിവസം പിസിആര്‍ ഫലം നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ വീണ്ടും ഇവിടെയെത്തി ഐസൊലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. രോഗലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമുണ്ടെങ്കില്‍ മാത്രം വീട്ടിലേക്ക് മടങ്ങാം. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. പ്രത്യേക ശുചിമുറി ഉപയോഗിക്കണം. രോഗമില്ലാതെ ഒരേ വീട്ടില്‍ കഴിയുന്ന മറ്റുള്ളവര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല